ആലുവ : ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കൽ കരോത്തു കുടി വീട്ടിൽ സിദ്ദിഖ് (31) നെയാണ് ആലുവ സൈബർ ക്രൈം പോലീസ് പിടികൂടിയത്.
2025 ആഗസ്ത് മുതൽ ഒക്ടോബർ വരെയുള്ള കാലത്താണ് സംഭവം നടന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ കാഞ്ഞൂർ ഡെലിവറി ഹബ്ബിലെ ഇൻ ചാർജ് ആയിരുന്നു ഇയാൾ. ഇവിടെ നിന്നും 18 ലക്ഷത്തിലേറെ വില വരുന്ന 38 ഫോണുകൾ തട്ടിയെടുക്കുകയായിരുന്നു. പല വ്യാജ പേരുകളിൽ മൊബൈൽ ഫോണുകൾ ബുക്ക് ചെയ്ത് ഇവിടെ എത്തിച്ചശേഷം ഫോണുകൾ നഷ്ടപ്പെട്ടു എന്ന് കമ്പനിയെ അറിയിച്ചു തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇത് മൊബൈൽ ഷോപ്പുകളിൽ വിൽപ്പന നടത്തുകയും ചെയ്തു.
ശാസ്ത്രീയ അന്വേഷണ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കുറുപ്പുംപടി, മേക്കാട്, മൂവാറ്റുപുഴ എന്നീ ഡെലിവറി ഹബ്ബ്കളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ട്. കുറുപ്പുംപടിയിൽ 40 ലക്ഷത്തിലേറെ രൂപയുടെയും മേക്കാട് 48 ലക്ഷത്തിലേറെ രൂപയുടെയും മൂവാറ്റുപുഴ 53 ലക്ഷത്തിലേറെ രൂപയുടെയും തട്ടിപ്പുകൾ നടന്നതായാണ് കണക്കാക്കുന്നത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ആർ ജഗദീഷ്, എസ് ഐ .ടി കെ..വർഗീസ് എഎസ്ഐ സലാവുദ്ദീൻ സീനിയർ സിപിഒമാരായ ലിജോ ജോസ്, പി.കെ ദിനേശൻ സി പി ഓ ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















