കണ്ണൂർ: 1980–90 കാലഘട്ടങ്ങളിൽ സംസ്ഥാനത്ത് മറ്റ് സമുദായങ്ങളിലെ പെൺകുട്ടികൾക്ക് ഇഷ്ടത്തിനനുസരിച്ച് പഠിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നപ്പോൾ, മുസ്‌ലിം പെൺകുട്ടികൾക്ക് പഠിക്കാനും ഇഷ്ടമുള്ള വേഷം ധരിക്കാനും സ്വന്തം സമുദായത്തോടും ബന്ധുക്കളോടും നിരന്തരം കലഹിക്കേണ്ടി വന്നിരുന്നുവെന്ന് എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഷാഹിറ എടക്കാട്.
എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ ടോപ്പറായി വിജയിച്ചപ്പോൾ കുടുംബത്തിൽനിന്നും ബന്ധുക്കളിൽനിന്നും അഭിനന്ദനങ്ങൾക്ക് പകരം നേരിടേണ്ടി വന്ന അവഗണനയും കുത്തുവാക്കുകളും പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് തൊണ്ണൂറുകളിൽ ഒരു മുസ്‌ലിം പെൺകുട്ടിക്ക് പൊതുവിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ നേരിടേണ്ടി വന്ന പ്രതിസന്ധികൾ അവർ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം…
80-90 കളിൽ പഠിച്ച ഹിന്ദുമതത്തിലെ പെൺകുട്ടികൾക്കും ക്രിസ്ത്യൻ പെൺകുട്ടികൾക്കും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഠിക്കാനുള്ള, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാമിലെ ഒരു പെണ്ണിന് പഠിക്കാൻ, ഇഷ്ടമുള്ളൊരു വേഷം ധരിക്കാൻ അവൾ മുസ്ലീം സമൂഹത്തോട് നിരന്തരം കലഹിക്കേണ്ടി വരുമായിരുന്നു.
SSLC സ്കൂൾ ടോപ്പറായി പാസായ ഒരു കുട്ടിക്ക്, അവൾ ഇസ്ലാം അല്ലായിരുന്നുവെങ്കിൽ, എത്രയേറെ അഭിനന്ദനങ്ങൾ കുടുംബക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടിയേനെ!
എന്റെ ഉപ്പാന്റെ ഏട്ടന്റെ മകളുടെ മൈലാഞ്ചി കല്യാണത്തിനാണ് എന്റെ SSLC റിസൾട്ട് വരുന്നത്. ഞങ്ങളൊക്കെ കല്യാണം കൂടാൻ കോഴിക്കോട് അവരുടെ വീട്ടിൽ ആണുള്ളത്. മിക്കവാറും കുടുംബങ്ങൾ എല്ലാവരും ഉണ്ട്.
ഞാനും, ഉപ്പയുടെപെങ്ങളുടെ മകളും, ഒരു ബന്ധുവായ ആൺകുട്ടിയും പരീക്ഷ എഴുതിയിട്ടുണ്ട്. മൂന്നുപേരും ഒരേ സ്കൂളിൽ.
പരീക്ഷാ റിസൾട്ട് അറിയാൻ അന്ന് മൊബൈലോ ആപ്പോ ഇല്ല. സ്കൂളിൽ വരണം. രാവിലെ കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ഞാനും കസിനും ഉപ്പയും വന്നു. അപ്പഴേ പലരുടെയും മുഖം നീരസം കൊണ്ട് മൂടിയിരുന്നു. (സ്ത്രീകൾക്കാണ് കേട്ടോ ഈ നീരസം എന്നതാണ് രസം).
റിസൾട്ട് അറിഞ്ഞപ്പോൾ സ്കൂൾ ടോപ്പറാണ് ഞാൻ. കസിൻ സെക്കന്റ് ക്ലാസ്സോടെ പാസ്സായിട്ടുണ്ട്. ബന്ധുവായ ആൺകുട്ടി തോറ്റിട്ടുണ്ട്. ടീച്ചർമാരും നാട്ടുകാരും സ്നേഹം കൊണ്ടു പൊതിഞ്ഞു. എല്ലാവർക്കും മധുരം വിതരണം ചെയ്തു.
ചോക്ലേറ്റും ലഡ്ഡുവും ഒക്കെ വാങ്ങിയാണ് ഞങ്ങൾ കോഴിക്കോടേക്ക് തിരിച്ചത്. അന്ന് വൈകുന്നേരം മൈലാഞ്ചി, പിറ്റേന്ന് കല്യാണം, ഒപ്പം റിസൾട്ടിന്റെ സന്തോഷം..
എന്നാൽ ആ വീട്ടിൽ ഞങ്ങൾ എത്തും മുൻപേ റിസൾട്ട് എല്ലാരും അറിഞ്ഞിരുന്നു എന്നത് കടന്നൽ കുത്തേറ്റ പോലുള്ള മുഖത്തോടെയുള്ള ചില സ്ത്രീകളുടെ ഇരിപ്പ് കണ്ടപ്പോൾ മനസ്സിലായി.
ലഡ്ഡു കൊടുത്തപ്പോൾ,
‘ഇനീം പഠിക്കുന്നുണ്ടോ’ എന്നാണ് ചോദ്യം.
‘പിന്നെ പഠിക്കാതെ’?
‘ഏതു കോളേജിൽ?’
‘സയൻസ് വിഷയം എടുത്തു ബ്രെണ്ണൻ കോളേജിൽ ചേരാനാണ് പ്ലാൻ.’
ഇത്കേട്ടതും അടുത്ത ബന്ധുവായ ഒരാളുടെ മറുപടി,
‘ആൺകുട്ടികൾ ഉള്ള കോളേജിൽ പെൺകുട്ടികളെ ചേർക്കാത്തതാണ് നല്ലത്. വൈകുന്നേരം ക്രിസ്ത്യൻകോളേജ് വിട്ട നേരത്ത് ആ വഴിപോയാൽ അറിയാം കോളേജിലൊക്കെ എന്താ നടക്കുന്നത് എന്നുള്ളത്. ആണും പെണ്ണും കൂടി എന്തൊക്കെയാ കാട്ടികൂട്ടുന്നത് എന്ന് കണ്ടാൽ ഒറ്റയൊരാളും മക്കളെ കോളേജിൽ അയക്കൂല.
അതുകേട്ടു മറ്റൊരാൾ അതേറ്റു പിടിച്ചു,
‘അല്ലേലും “ഇത്രയും മോശമായ സ്ഥലത്ത്” പോയി (കൽക്കത്തയിലെ സോനാഗച്ചിയോ ബോംബെയിലെ കാമാത്തിപുരയോ ആണ് കോളേജുകൾ എന്നപോലാണ്) പെൺകുട്ടികൾ പഠിച്ചിട്ടൊക്കെ എന്തിനാണ്. “ആവശ്യത്തിനുള്ള ” പഠിപ്പൊക്കെ (എഴുതാനും വായിക്കാനും ഗൾഫുകാരൻ കല്യാണം കഴിച്ചാൽ കത്തെഴുതാനും) ഇപ്പൊ ആയില്ലേ. പെൺകുട്ടികൾക്ക് അത്രയൊക്കെ മതി. ഇനി പഠിക്കണം എന്ന് നിർബന്ധം ആണെങ്കിൽ വനിതാ കോളേജ് ഇല്ലേ പള്ളിക്കുന്ന്. അവിടെ പോയാൽ പോരേ.
‘ഈ രണ്ട് പെണ്ണിനെ ജയിപ്പിച്ചു വിടുന്ന നേരത്ത് ആ ആണിനെ ആയിരുന്നേൽ ഓനൊരു ജോലിക്കെങ്കിലും പോകായിരുന്നു…’
(ഒരാളുടെ ആത്മഗതം)
സത്യത്തിൽ ജയിച്ച ഞങ്ങളെക്കാൾ തോറ്റ അവനായിരുന്നു മനസമാധാനം കിട്ടീത്.
ഈ പറഞ്ഞ വ്യക്തിയോ കേട്ട് തലകുലുക്കി പിന്തുണ പ്രഖ്യാപിച്ച ഇത്താത്തമാരോ കോളേജിന്റെ പോയിട്ട് ഹൈസ്കൂളിന്റെ പടി പോലും കണ്ടിട്ടില്ല എന്നതാണ് വാസ്തവം.. അതുകൊണ്ട് അടുത്ത തലമുറയിൽ ഉള്ള പെൺകുട്ടികളും അതൊന്നും കാണണ്ട എന്നൊരു അസൂയ കലർന്ന കുശുമ്പ്..
എന്തായാലും ഉപ്പയുടെ പെങ്ങൾ അവിടെ ഞങ്ങൾക്ക് സപ്പോർട്ട് ചെയ്തു വന്നു.
‘ആര് എന്തു പറഞ്ഞാലും ഇവരെ ബ്രണ്ണൻ കോളേജിൽ തന്നെ അയക്കും,
നമ്മളോ പഠിച്ചില്ല, അവരെങ്കിലും പഠിക്കട്ടെ.’
ഏതായാലും ഈ സംഭാഷണങ്ങൾ കൊണ്ട് ഞങ്ങളുടെ അതുവരെ അനുഭവിച്ച സന്തോഷം ഒക്കെ പോയികിട്ടി. പിന്നീട് തിരിച്ചു വരുംവരെയും പലതും പറഞ്ഞു മിക്സഡ് കോളേജിൽ ചേർക്കരുത് എന്ന് വിലക്കിയെങ്കിലും അതേ കോളേജിൽ ചേർന്നുതന്നെ പഠിച്ചു.
പക്ഷേ മറ്റൊരു നിയന്ത്രണം ഇതേ സ്ത്രീകൾ കാരണം കിട്ടി.
കോളേജിൽ പോകുമ്പോൾ ഇട്ടിരുന്ന ജീൻസ് ടോപ്, പാന്റ്സ് ഷർട്ട് , മിഡിസ്കേർട്ട്, തുടങ്ങിയ അന്നത്തെ ഏറെ ഇഷ്ടമുള്ള മോഡേൺ വേഷങ്ങൾക്ക് വിലക്ക് വീണു. ചുരിദാറിലേക്ക് മാത്രമായി ഒതുങ്ങി.
വൃത്തികെട്ട രീതിയിൽ മറ്റു പലസംഭവങ്ങളും കോളേജുമായി ചേർത്തു പറയുക എന്നത് ഈ സ്ത്രീകളുടെ ഒരു സ്ഥിരം സ്വഭാവം ആയിരുന്നു. പരദൂഷണം പറഞ്ഞാലേ ഉറക്കം വരൂ. അതിനുള്ള ഇരകൾ ആയിരുന്നു അന്ന് കോളേജ് വിദ്യാർത്ഥിനികളായ ഞങ്ങളൊക്കെ.
ഇവരുടെയൊക്കെ നാവിനെ പേടിച്ചും നിരന്തരം കലഹിച്ചുമായിരുന്നു പഠനം പൂർത്തിയാക്കിയത്.
ആണിനൊപ്പം എത്താൻ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾ ഓടിതുടങ്ങിയപ്പോൾ, ആണിനൊപ്പം എത്താനല്ല അന്നത്തെ മുസ്ലിം പെൺകുട്ടികൾ ഓടിതളർന്നത്. മറ്റുമതസ്ഥരായ പെൺകുട്ടികൾക്കൊപ്പം എത്താൻ പോലും ഈ മതത്തിലെ ചിലരുടെ കുശുമ്പ് അനുവദിച്ചിരുന്നില്ല. കാരണം ഞങ്ങൾക്ക് ഒരുഭാഗത്ത് ഇത്തരം അലവലാതി സ്ത്രീകളോട് അടികൂടണം, മറുഭാഗത്ത് മതപൗരോഹിത്യത്തിന്റെ വിലക്കുകൾക്ക് നേരെ കൊടിപിടിക്കണം.. അങ്ങിനെ ജീവിതം തന്നെ സമരമാക്കി ആവണം 90കളിൽ പഠിച്ചിറങ്ങിയ ഒരോ മുസ്ലിം പെണ്ണിനും നിവർന്നു നിൽക്കാൻ ഒത്തത്.(അന്നും മറ്റു ജില്ലകളിൽ എത്രയോ ഭേദമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്).
കല്യാണത്തിന് മുൻപ് സാരി ഉടുക്കുന്നത് പോലും തെറ്റായി കാണുന്നവരായിരുന്നു കണ്ണൂരിലെ മുസ്ലിംങ്ങൾ. ഞാനൊക്കെ പി.ജിക്ക് പഠിക്കുമ്പോൾ സാരി ഉടുത്തു പോയതിന്,
‘ഓള് കോളേജിൽ പോവുന്നത് സാരി ഉടുത്താപോലും’ എന്ന് കുറ്റപെടുത്തും വിധം അതിശയത്തോടെ പറഞ്ഞു കേട്ടിട്ടുണ്ട്.
അതാണ് ഇസ്ലാംമതത്തിലെ പെണ്ണിന് അനുഭവിക്കേണ്ടി വരുന്ന വിവേചനം. ഇതൊന്നും ഇതേ മതത്തിലെ ആണിന് മനസ്സിലാവും എന്ന് പോലും തോന്നുന്നില്ല. അവരെന്നും എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്നവരാണ്. ഇതൊക്കെ വെറും കെട്ടുകഥകൾ ആണെന്ന് പറയാൻ പോലും മടിക്കില്ല അവർ. അതാണ് അവരുടെ ആകെ അറിയാവുന്ന പ്രതിരോധം.
ഇസ്ലാമിലെ പെൺകുട്ടികൾ 50ലും -80 ലും ഒക്കെ പഠിച്ചിട്ടില്ലേ.? എന്ന് ചോദിക്കും. ഉണ്ട്. അന്നും പഠിച്ചിട്ടുണ്ട്. പറഞ്ഞു വന്നത് ഇസ്ലാമിലെ ഒരു പെണ്ണിന് പഠിക്കാനുള്ള സാഹചര്യം സ്വന്തം വീട്ടിൽ ഉണ്ടായാലും അവൾക്ക് സ്വന്തം സമുദായത്തിനുള്ളിൽ ഉള്ള മറ്റു പല തടസ്സങ്ങളെയും മറികടന്നു കൊണ്ടല്ലാതെ മുന്നോട്ടു പോകുക സാധ്യമല്ല. ഒരു ഹിന്ദു പെൺകുട്ടി ഓടിയതിന്റെ ആയിരംമടങ്ങു കൂടുതൽ അവൾക്ക് ഓടേണ്ടി വന്നിട്ടുണ്ടാകും.
ഇന്ന് കുട്ടികൾക്ക് കിട്ടുന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും ഒക്കെ ഇല്ലാതാക്കാൻ ചിലർ കച്ചകെട്ടി ഇറങ്ങുന്നത് കാണുമ്പോൾ എതിർക്കുന്നതും ഇതൊക്കെ കൊണ്ടാണ്. മതവേലിക്കെട്ടുകൾ ഇല്ലാതെ സ്വസ്ഥമായി അവർ പഠിക്കണം. അവരുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറരുത്.
















