കോട്ടയം ; എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനം. അറസ്റ്റിലായ വിദ്യാർഥിയുടെ സഹോദരനെ കാണാനായി ഇന്നലെ പുലർച്ചെ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മർദനമെന്നാണ് ആരോപണം. അടൂർ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലെ അഞ്ച് പൊലീസുകാർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് ശരത് ലാൽ പറഞ്ഞു
പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ആക്രോശിച്ചു കൊണ്ടാണ് കരുനാഗപ്പള്ളി സിഐ തന്നോടു സംസാരിച്ചത്. എഐഎസ്എഫ് ജില്ലാ സെക്രട്ടറിയാണെന്നു പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത്. സ്റ്റേഷൻ മുതൽ റോഡ് വരെ അഞ്ച് പൊലീസുകാർ ചേർന്ന് മർദിച്ചു.
‘ എന്റെ കവിളിൽ അടിച്ചു. തലയ്‌ക്കും അടി കിട്ടി. അടിവയറ്റിൽ ഒന്നിലേറെ തവണ ഇടിച്ചു. റോഡിൽ എത്തിയശേഷം ബൈപ്പാസ് നിർമാണം നടക്കുന്ന ഇരുട്ടുള്ള പ്രദേശത്തേക്കു കൊണ്ടുപോയി. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയായിരുന്നു പിന്നീടുള്ള മർദനം നടന്നത്. കേട്ടാൽ അറയ്‌ക്കുന്ന തെറികളാണു വിളിച്ചത്. അമ്മയെപ്പറ്റി വളരെ മോശമായി പറഞ്ഞു. ഇറങ്ങിപ്പോടാ എന്നു പറഞ്ഞായിരുന്നു അമ്മയെ വരെ തെറിവിളിച്ചത്. അടൂർ എസ്ഐയുടെയും കരുനാഗപ്പള്ളി സിഐയുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നത്.
കരുനാഗപ്പള്ളി സ്റ്റേഷനിലെ സിസിടിവിയിൽ ദൃശ്യങ്ങളുണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ശരത് ആവശ്യപ്പെട്ടു. അടൂർ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയെ കാണാൻ എത്തിയതായിരുന്നു ശരത്.
പൊലീസ് സ്റ്റേഷന് മുന്നിലും, തുടർന്ന് റോഡിന് പുറത്തുള്ള വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയുമാണ് മർദ്ദിച്ചതെന്നാണ് പരാതി. പൊലീസ് ഉദ്യോഗസ്ഥർ വളരെ മോശമായാണ് പെരുമാറിയതെന്ന് ശരത് പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദനമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.















