കൊച്ചി: കറിയ്‌ക്ക് ഉപ്പില്ലെന്ന് ആരോപിച്ച് ജീവനക്കാരനെ കറിക്കത്തി കൊണ്ട് വെട്ടിയും കുത്തിയും ഹോട്ടൽ ഉടമ. അങ്കമാലി മീൻവിലാസം ഹോട്ടലിലാണ് സംഭവം. ഹോട്ടലുടമ മുഹമ്മദ് ഉവൈസാണ് ജീവനക്കാരനെ ആക്രമിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
കൊല്ലം സ്വദേശിയായ റിയാസിനാണ് പരിക്കേറ്റത്. കഴിഞ്ഞ 19-ാം തീയതി രാത്രി പത്ത് മണിക്കായിരുന്നു സംഭവം. കിച്ചണിലെ കത്തിയും തവിയും ഉപയോഗിച്ചാണ് ജീവനക്കാരനെ ആക്രമിച്ചത്. ഹോട്ടലിൽ എത്തിയതിന് പിന്നാലെ മുഹമ്മദ് ഉവൈസ് ഭക്ഷണം ഓർഡർ ചെയ്തു. തുടർന്ന് ആഹാരം കഴിച്ചുകൊണ്ടിരിക്കെ ഉവൈസ് റിയാസിനെ സമീപത്തേക്ക് വിളിച്ചു.
കറി മോശമാണെന്നും അത് ശരിയാക്കണമെന്നും ഉവൈസ് പറഞ്ഞു. ഇതോടെ റിയാസ് കിച്ചണിലേക്ക് പോയി. റിയാസിന്റെ പുറകെ എത്തിയ ഉവൈസ് ഷർട്ടിൽ കുത്തിപിടിക്കുകയും കത്തി എടുത്ത് വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. റിയാസിന്റെ കൈയ്യിൽ ആഴത്തിൽ വെട്ടേറ്റു. ഇയാൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
















