നവരാത്രി ഭാരതീയ സംസ്കാരത്തിന്റെ ആത്മാവിൽ ആഴത്തിൽ വേരൂന്നിയ, വൈവിധ്യവും വൈദിക-താന്ത്രിക പാരമ്പര്യവും കലാസാംസ്കാരിക ചൈതന്യവും ഒരേ സമയം സമ്മേളിക്കുന്ന മഹത്തായ ഉത്സവമാണ്. ഒൻപത് രാത്രികളും വിജയദശമിയും ചേർന്ന ഈ പുണ്യകാലം, ബാഹ്യമായ ആഘോഷങ്ങളുടെ വർണപ്പകിട്ടിനപ്പുറം മനുഷ്യന്റെ അന്തർലോകത്തിലേക്കുള്ള ഒരു തീർത്ഥയാത്ര കൂടിയാണ്. ദേവീ ഉപാസനയും വ്രതാനുഷ്ഠാനങ്ങളും ജപധ്യാനങ്ങളും താന്ത്രിക സാധനകളും മുതൽ സംഗീതം, നൃത്തം, സാഹിത്യം, കല, സാമൂഹിക കൂട്ടായ്‌മ, കുടുംബാചാരങ്ങൾ എന്നിവ വരെയുള്ള ജീവിതത്തിന്റെ അനേകം തലങ്ങളെ നവരാത്രി ഒരൊറ്റ ആത്മീയധാരയിൽ കോർത്തിണക്കുന്നു. ഭാരതത്തിന്റെ വിവിധ ഭൂഭാഗങ്ങളിൽ ഈ ആഘോഷം വ്യത്യസ്ത രൂപഭാവങ്ങളോടെ വിരിയുന്നു—ബംഗാളിന്റെ ദുർഗ്ഗാപൂജയുടെ ഭക്തിസാന്ദ്രതയിൽ, ഗുജറാത്തിന്റെ ഗർബയുടെയും ദാണ്ഡിയയുടെയും താളചലനങ്ങളിൽ, കർണാടകത്തിന്റെ ദസറാ വൈഭവത്തിൽ, ദക്ഷിണേന്ത്യയുടെ ബൊമ്മക്കൊലു പാരമ്പര്യത്തിൽ, കേരളത്തിന്റെ പൂജവെപ്പ്, സരസ്വതീപൂജ, ആയുധപൂജ, പൂജയെടുപ്പ്, വിദ്യാരംഭം തുടങ്ങിയ ആചാരങ്ങളിൽ. ഒരേ ദേവീചൈതന്യം തന്നെ ദേശകാലങ്ങളനുസരിച്ച് എത്ര വൈവിധ്യമാർന്ന സാംസ്കാരിക രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ ഉജ്ജ്വല ദൃഷ്ടാന്തം കൂടിയാണിത്.
താന്ത്രിക ദർശനത്തിൽ നവരാത്രി പരാശക്തിയുടെ ആരാധനയ്‌ക്കും മനുഷ്യനിലെ അന്തർനിഹിതമായ ശക്തിചൈതന്യത്തിന്റെ ഉണർവിനുമുള്ള വിശിഷ്ടകാലമാണ്. ശാക്തേയ പാരമ്പര്യത്തിലെ ദേവി ഭാഗവതത്തിലും മാർക്കണ്ഡേയ പുരാണത്തിലും ആദിപരാശക്തിയുടെ സൃഷ്ടിസ്ഥിതിലയങ്ങളുടെ ലീലകൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വർഷത്തിൽ നാല് തവണ നവരാത്രികൾ വരുന്നുണ്ടെങ്കിലും, തുലാം മാസത്തിലെ ശരദ് നവരാത്രിയും, ചൈത്ര മാസത്തിലെ വസന്ത നവരാത്രിയുമാണ് ഏറ്റവും പ്രധാനം. ഇതിൽ ശരദ് നവരാത്രിയാണ് ഭാരതത്തിൽ ഉടനീളം വിപുലമായി ആഘോഷിക്കപ്പെടുന്നത്. അസുര ശക്തികളുടെ മേൽ ദൈവിക ശക്തി വിജയം വരിച്ചതിന്റെ സ്മരണ കൂടിയാണിത്. ദേവി മാഹാത്മ്യത്തിൽ മഹിഷാസുരമർദ്ദനവും ചണ്ഡമുണ്ഡ നിഗ്രഹവും രക്തബീജവധവുമെല്ലാം വിവരിക്കുന്നത് തിന്മയുടെ മേൽ ധർമ്മം പുലരുന്നതിന്റെ പ്രതീകമായാണ്.
നവദുർഗ്ഗാ സങ്കല്പത്തെ ദേവീ കവചത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മാർക്കണ്ഡേയപുരാണത്തിലെ ദുർഗ്ഗാ സപ്തശതി അഥവാ ദേവി മഹത്മ്യത്തിലെ ദേവീ കവചത്തിലാണ് ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെയുള്ള ഒൻപത് ദേവീരൂപങ്ങൾ ‘നവദുർഗ്ഗ’ എന്ന പേരിൽ ക്രമമായി പരാമർശിക്കുന്നത്.” ഒൻപത് രാത്രികൾ പിന്നിടുമ്പോൾ, ദേവിയുടെ പാദങ്ങളിൽ നാം അർപ്പിച്ച പൂക്കളേക്കാൾ വിലപ്പെട്ടതായി മാറേണ്ടത് നമ്മുടെ ഉള്ളിൽ വിരിഞ്ഞ ഒരു പുതിയ ബോധമാണ്. ശൈലപുത്രിയുടെ അചഞ്ചലതയും, ബ്രഹ്മചാരിണിയുടെ തപസ്സും, ചന്ദ്രഘണ്ഡയുടെ ജാഗ്രതയും, കൂഷ്മാണ്ഡയുടെ സൃഷ്ടിശക്തിയും, സ്കന്ദമാതാവിന്റെ കരുണയും, കാത്യായനിയുടെ ധൈര്യവും, കാലരാത്രിയുടെ നിർഭയതയും, മഹാഗൗരിയുടെ നിർമ്മലതയും, സിദ്ധിദാത്രിയുടെ പൂർണതയും ഇവയെല്ലാം ഒടുവിൽ നമ്മുടെ തന്നെ അന്തഃകരണത്തിൽ തെളിയേണ്ട ദീപങ്ങളാണ്. വിജയദശമി അതുകൊണ്ട് ഒരു യുദ്ധവിജയത്തിന്റെ സ്മരണ മാത്രമല്ല; നമ്മിലെ അസുരത്വത്തിനുമേൽ നമ്മുടെ ദൈവികത നേടിയെടുക്കേണ്ട വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്. മഹിഷാസുരൻ എന്നത് പുറത്തുള്ള ഒരു പുരാണ കഥാപാത്രം മാത്രമായി നിൽക്കാതെ, അഹങ്കാരം നമ്മുടെ ഉള്ളിൽ ഉയരുമ്പോൾ; രക്തബീജൻ ആവർത്തിച്ചുയരുന്ന ആസക്തികളായി നമ്മുടെ ചിത്തത്തിൽ പടരുമ്പോൾ; ചണ്ഡനും മുണ്ഡനും ക്രോധത്തിന്റെയും വിവേചനശൂന്യതയുടെയും രൂപത്തിൽ നമ്മെ കീഴടക്കുമ്പോൾ അവയെ സംഹരിക്കാനുള്ള ശക്തി ദേവിയുടെ കരങ്ങളിൽ മാത്രമല്ല, നമ്മുടെ ഉണർന്ന ബോധത്തിലും ഉണ്ടെന്ന് നവരാത്രി നമ്മെ ഓർമ്മിപ്പിക്കുന്നു.
തുടർദിവസങ്ങളിൽ വായിക്കാം വിശദമായി, ദേവീതത്ത്വം, ദർശനവും പൊരുളുകളും….
(തിരുവനന്തപുരം സ്വദേശിയായ ജി. എം. മഹേഷ് ശ്രീവിദ്യാ ഉപാസകനാണ്, തപസ്യ സംസ്ഥാന സെക്രട്ടറിയാണ്)
















