
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് 2025 സപ്തംബര്‍ 7ന് ദ്വാരപാലക ശില്‍പങ്ങള്‍ കടത്തിയ സംഭവത്തില്‍ എസ്‌ഐടിയുടെ അന്വേഷണം നീളുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രേരകശക്തിയിലേക്ക്. പി.എസ്. പ്രശാന്ത് നേതൃത്വം നല്‍കിയ ബോര്‍ഡ് തനിയെ എടുത്ത തീരുമാനമല്ല ഇതെന്ന നിഗമനത്തിലാണ് എസ്‌ഐടി. ബാഹ്യമായ ഉന്നത ശക്തികളില്‍ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടാകാമെന്നാണ് നിഗമനം.
സ്വര്‍ണക്കൊള്ളയുടെ തയാറെടുപ്പുകള്‍ 2018ല്‍ തുടങ്ങിയതാണ്. ശബരിമല യുവതീ പ്രവേശന പ്രക്ഷോഭങ്ങളുടെ മറവില്‍ 2019 തുടക്കത്തില്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിന്റെ നേതൃത്വത്തിലാണ് ശ്രീകോവില്‍ കതകുകളും കട്ടിളപ്പാളികളും ഇളക്കിമാറ്റിയത്. ഇതില്‍ കട്ടിളപ്പാളികള്‍ ചെന്നൈയില്‍ എത്തിച്ച് വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണം വേര്‍പെടുത്തി സ്വര്‍ണം പൂശി തിരിച്ചെത്തിച്ചു. 2019 നവംബറില്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷമാണ് ദ്വാരപാലക പാളികളിലെ പീഠങ്ങള്‍ ഇളക്കി ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശിയത്.
2023 നവബറിലാണ് പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് അധികാരമേറ്റത്. 2024ലെ മകരവിളക്ക് കഴിഞ്ഞ ഉടന്‍ തന്നെ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കാട്ടിയ തിടുക്കമാണ് പ്രശാന്തിനു മേല്‍ ഉന്നത സമ്മര്‍ദ്ദം ഉണ്ടായെന്ന സംശയത്തിലേക്ക് എസ്‌ഐടിയെ എത്തിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ വെള്ളിയാഴ്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തത്. തനിക്ക് ഇതില്‍ പങ്കൊന്നും ഇല്ലെന്നാണ് പോറ്റി എസ്‌ഐടിയോടു പറഞ്ഞത്.
അതേസമയം സ്വര്‍ണക്കൊള്ളയില്‍ പ്രതിയാകുന്ന രണ്ടാമത്തെ പ്രസിഡന്റും ഭരണ സമിതിയുമാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും അന്നത്തെ ഭരണ സമിതിയെയും എസ്‌ഐടി പ്രതികളാക്കിയിരുന്നു.
കഴിഞ്ഞ ഭരണ സമിതിക്കും പ്രസിഡന്റിനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണക്കൊള്ളയില്‍ രണ്ട് കേസുണ്ട്. കട്ടിളപ്പാളിയും ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കടത്തിയതും. മൂന്നാമതൊരു കേസ് റജിസ്റ്റര്‍ ചെയ്യാനാണ് എസ്‌ഐടി തീരുമാനം. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രശാന്തിന് പുറമേ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, തന്ത്രി കണ്ഠര് രാജീവര്, തിരുവാഭരണം കമ്മിഷണര്‍ റജിലാല്‍ എന്നിവരും പ്രതികളാണ്.
സ്വര്‍ണക്കൊള്ള മറച്ചതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഭരണ സമിതിക്കും പ്രസിഡന്റിനും പങ്കുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. അന്വേഷിക്കുന്ന രണ്ടു കേസിനു പുറമേ 2025ല്‍ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പ്രത്യേക കേസ് റജിസ്റ്റര്‍ ചെയ്യുന്നത് എസ്‌ഐടിക്കു തീരുമാനിക്കാമെന്ന് ജസ്റ്റിസ് വി. രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
2019ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് എസ്‌ഐടി അന്വേഷണ വിവരങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. 2019ലെ സ്വര്‍ണ മോഷണം ഒളിച്ചുവയ്‌ക്കാന്‍ പുതുതായി വീണ്ടും സ്വര്‍ണം പൂശുന്നെന്ന വ്യാജേന ദ്വാരപാലക വിഗ്രഹങ്ങളെ വീണ്ടും ചെന്നൈക്കു കൊണ്ടുപോകാന്‍ സ്‌പോണ്‍സറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി വ്യക്തമായെന്ന് എസ്‌ഐടി റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ തുടര്‍ച്ചയായി സ്‌പോണ്‍സറും സ്വര്‍ണം പൂശുന്നത് ഏറ്റെടുത്ത സ്ഥാപന ഉടമയും ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും ഗൂഢാലോചന നടത്തി. 2023 നവംബര്‍ 13നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചുമതലയേറ്റയുടന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അദ്ദേഹത്തിന്റെ വിശ്വാസ്യത നേടിയെടുത്തു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന അടുത്തിടെ അന്തരിച്ച മുരാരി ബാബു, സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗം എ. അജികുമാര്‍, തന്ത്രി കണ്ഠര് രാജീവര്, തിരുവാഭരണം കമ്മിഷണര്‍ രജിലാല്‍ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളുണ്ടെന്ന് എസ്‌ഐടി റിപ്പോര്‍ട്ടിലുണ്ട്.
1998ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങള്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആവശ്യപ്രകാരം ചെന്നൈക്ക് കൊണ്ടുപോയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്തുനിന്നു സ്വര്‍ണം കൊണ്ടുപോകാന്‍ അനുവദിച്ച ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ദുരുദ്ദേശ്യത്തോടെ ഇവ വെറും ‘ചെമ്പു തകിടുകള്‍’ എന്ന് വിശേഷിപ്പിച്ചു. ചെന്നൈയില്‍ വിഗ്രഹങ്ങളിലെ യഥാര്‍ത്ഥ സ്വര്‍ണം മുഴുവന്‍ മാറ്റി വീണ്ടും പൂശാന്‍ കുറഞ്ഞ അളവു സ്വര്‍ണം മാത്രം ഉപയോഗിക്കുകയും ബാക്കി സ്വര്‍ണം പ്രതികള്‍ തട്ടിയെടുക്കുകയുമായിരുന്നു. ഈ തട്ടിപ്പു പുറത്താകാതിരിക്കാന്‍ വിഗ്രഹങ്ങള്‍ക്ക് 40 വര്‍ഷത്തെ വാറന്റിയുണ്ടെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റും ഇവര്‍ ചമച്ചു. തുടര്‍ന്നാണ് തട്ടിപ്പു പുറത്താകുമെന്ന ഘട്ടത്തില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ തീരുമാനിച്ചതെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.
2019ലെ സ്വര്‍ണം മാറ്റലിനും പിന്നീടുള്ള പൂശലിനും ശേഷം ബാക്കി വന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം തന്നെയുണ്ടായിരുന്നെന്നു ബോര്‍ഡ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിയാമായിരുന്നു. ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണ്. അന്വേഷണത്തില്‍ ഇവര്‍ക്കെതിരേ തെളിവു ലഭിച്ചാല്‍ കര്‍ശന നടപടിക്ക് എസ്‌ഐടിയോടു കോടതി നിര്‍ദേശിച്ചു.