കോഴിക്കോട്: മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പെരുമണ്ണശ്ശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശിലാലിഖിതം ചേരമാന്‍ പെരുമാള്‍ കാലത്തേതെന്ന് കണ്ടെത്തി. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസര്‍ കെ. കൃഷ്ണരാജ് കഴിഞ്ഞദിവസം ലിഖിതം വായിച്ചെടുത്തതോടെയാണ് ഒമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലോ പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഉള്ള ലിഖിതമാണിതെന്ന് മനസിലായത്. പൊതുവര്‍ഷം 883 മുതല്‍ 913 വരെ പെരുമാളായിരുന്ന കോതരവിയുടെ പേര് ലിഖതത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരിക്കാം ലിഖിതം സ്ഥാപിച്ചതെന്ന് ഉറപ്പിക്കാമെന്ന് കൃഷ്ണരാജ് ജന്മഭൂമിയോട് പറഞ്ഞു.
ജീര്‍ണാവസ്ഥയിലുള്ള പെരമണ്ണശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ തുറസ്സായ സ്ഥലത്താണ് 120 സെന്റീമീറ്റര്‍ ഉയരവും അടിഭാഗത്ത് 50 സെന്റീമീറ്ററും മുകളില്‍ 36 സെന്റീമീറ്ററും വീതിയുമുള്ള ശിലയുള്ളത്. നൂറ്റാണ്ടുകളായി തുറസ്സായ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ശിലയിലെ ലിഖിതങ്ങളില്‍ വലിയൊരു ഭാഗം തേഞ്ഞുപോയി വായിക്കാന്‍ സാധിക്കാത്ത വിധത്തിലായിട്ടുണ്ട്. നാല്‍പതോളം വരികളുണ്ടെങ്കിലും ഏതാനും വരികള്‍ മാത്രമേ വായിക്കാന്‍ സാധിച്ചിട്ടുള്ളു. ജീര്‍ണോദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കാലപ്പഴക്കം അറിയാനായി ക്ഷേത്രഭാരവാഹികള്‍ ആര്‍ക്കിയോളജി വകുപ്പിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ലിഖിതം വായിച്ചത്. ഇതോടെ ക്ഷേത്രത്തിന് 1100 ഓളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വ്യക്തമായി. ശിലയുള്ള കാര്യം നാട്ടുകാര്‍ക്കും ക്ഷേത്രഭാരവാഹികള്‍ക്കും നേരത്തെ അറിയാമെങ്കിലും ഇതുവരെ ഇത് വായിക്കപ്പെട്ടിരുന്നില്ല.
അടുത്തിടെയായി മലബാര്‍ മേഖലയില്‍ കണ്ടെത്തിയ നിരവധി ശിലാലിഖിതങ്ങളിലുള്ളതിന് സമാനമായ ഉള്ളടക്കമാണ് ചേലേമ്പ്ര ശിലാലിഖിതത്തിലുമുള്ളത്. ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കായുള്ള ചില വ്യവസ്ഥകളാണ് ഉള്ളടക്കം. കെടാവിളക്കിനും നിത്യച്ചെലവിനും പൂയ്യം ആഘോഷങ്ങള്‍ക്കുമായി നെല്ല് നീക്കിവെക്കുന്നതിന് ലിഖിതം വ്യവസ്ഥ ചെയ്യുന്നു. സുബ്രഹ്‌മണ്യ ക്ഷേത്രമായതിനാല്‍ തൈപ്പൂയ്യ ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതായും മനസിലാക്കാം. ‘മൂഴിക്കളം കച്ചം’ എന്നറിയപ്പെടുന്ന പെരുമാള്‍ കാലഘട്ടത്തിലെ പ്രത്യേക നിയമസംഹിതയെ പിന്‍പറ്റിയാണ് ഇത്തരം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മധ്യകേരളത്തിലെ മൂഴിക്കളം എന്ന ബ്രാഹ്‌മണ കുടിയേറ്റ കേന്ദ്രത്തില്‍ വച്ച് ഉടമ്പടി ഉണ്ടാക്കിയതിനാലാണ് മൂഴിക്കളം കച്ചം എന്ന പേര് വന്നത്.
ചേലേമ്പ്ര ലിഖിതത്തിലേതിന് സമാനമായ ഉള്ളടക്കമാണ് അടുത്തിടെയായി മലപ്പുറം ജില്ലയിലെ തന്നെ തൃക്കലങ്ങോട്, മുതുവല്ലൂര്‍, കണ്ണൂര്‍ ജില്ലയിലെ പിണറായി, മേലൂര്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ശിലാലിഖിതങ്ങളിലുമുള്ളതെന്ന് കെ. കൃഷ്ണരാജ് പറഞ്ഞു. വട്ടെഴുത്ത് ലിപിയില്‍ എഴുതപ്പെട്ട ഈ ലിഖിതങ്ങളെല്ലാം ചേരമാന്‍ പെരുമാള്‍ കാലഘട്ടത്തിലേതാണ്.











