തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്ത ശേഷം വ്യാജ പരാതിയുമായി കോണ്‍ഗ്രസ്. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരാണ് പരാതി നല്‍കിയത്. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, പാപ്പനംകോട് സജി, വയല്‍ കട രതീഷ് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി, അനിത അലക്‌സ് എന്നിവര്‍ നല്‍കിയ പരാതി പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകിട്ട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.കാപ്പ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്റെ രാജിക്കായുള്ള യുഡിഎഫ്-എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി മേയര്‍ വി വി രാജേഷ് കസേര വിട്ടതിന് പിന്നാലെയാണ് യു ഡി എഫ് സംഘര്‍ഷം സൃഷ്ടിച്ചത്. ഹാജര്‍ രജിസ്റ്റര്‍ കൈക്കലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്റെ ശ്രമം ചെമ്പഴന്തി ഉദയനെ കയ്യേറ്റം ചെയ്യുന്നതിലേക്കാണ് എത്തിയത്. രജിസ്റ്ററില്‍ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബി ജെ പി കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ഇവര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുത്ത ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
















