വാന്‍കൂവര്‍: കാനഡ -ഖത്തര്‍ മത്സരത്തില്‍ കാണികളേയും സംഘാടകരെയും ഒന്നടങ്കം പേടിപ്പിച്ച പരിക്കായിരുന്നു കാനഡ താരം ഇസ്മയില്‍ കോനെയുടേത്.
ആദ്യ പകുതിയുടെ അവസാന സമയത്ത് ഖത്തര്‍ താരം അസിം മഡോബിയുടെ ടാക്കിളില്‍ നിന്നാണ് ഫൗളും തുടര്‍ന്നുള്ള പരിക്കും സംഭവിച്ചത്. ഫൗള്‍ കണ്ടയുടന്‍ റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തിയെങ്കിലും പിന്നീടുള്ള പരിശോധനയില്‍ ചുവപ്പുകാര്‍ഡുയര്‍ത്തുകയായിരുന്നു. കാലിന് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ സംഭവിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയതോടെ ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാകില്ല എന്ന് അധികൃതര്‍ അറിയിച്ചു. കാനഡയ്‌ക്കായി ഗോള്‍ നേടിയ കോനെയുടെ ജഴ്‌സി സഹതാരം ആരാധകരെ ഉയര്‍ത്തിക്കാണിച്ചത് കോനെയുടെ പരിക്കിന്റെ ആഴവും ടീമില്‍ അദ്ദേഹം ആരായിരുന്നു എന്നതിന്റെ തെളിവുമായിരുന്നു.
















