ഇടുക്കി: വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി.കുമളി സ്വദേശികളായ കലേഷ്, കാര്‍ത്തിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ പരിക്കേറ്റ വിനോദസഞ്ചാരികള്‍ ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച തൃശൂരില്‍ നിന്ന് 27 പേരടങ്ങിയ സംഘം ഓഫ് റോഡ് റൈഡിനായി ബൈക്കുകളില്‍ വണ്ടിപ്പെരിയാറിലെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്.സത്രത്തിന് സമീപം വ്യൂ പോയിന്റിലേക്ക് പോകവെ ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍ എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി.
പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിനോദസഞ്ചാരികള്‍ താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാല്‍ രാത്രി സംഘം ചേര്‍ന്ന് എത്തിയ ജീപ്പ് ഡ്രൈവര്‍മാര്‍ റിസോര്‍ട്ട് ഉടമയോട് സഞ്ചാരികളെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ഇതിന് തയാറാകാതെ വന്നപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ തൃശൂര്‍ സ്വദേശി അനീഷിന്റെ ഇടതു കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന്റെ കാലിന് പരിക്കേറ്റു. ഇവരുടെ വാഹനങ്ങളും നശിപ്പിച്ചു. സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി വണ്ടിപ്പെരിയാര്‍ പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.
















