ആലുവ : നെടുമ്പാശ്ശേരി അത്താണി ഭാഗത്ത് വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ പ്രതി പിടിയിൽ. അങ്കമാലി പുളിയനം സൗപർണികയിൽ ശരത് മാധവൻ (42)നെയാണ് ആലുവ ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ 30 ന് വൈകീട്ടാണ് സംഭവം. മാസ്ക്കും ഹെൽമറ്റും ധരിച്ചെത്തിയ ഇയാൾ അടുക്കളയിൽ നിൽക്കുകയായിരുന്ന വൃദ്ധയുടെ മുഖം തുണികൊണ്ട് മൂടി കഴുത്തിലെ മാല പൊട്ടിച്ച ശേഷം ശുചി മുറിയിലേക്ക് തള്ളിയിട്ട് പുറത്ത് നിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു. വീടിന്റെ പരിസരങ്ങളിലേയും, വഴികളിലേയും തൊണ്ണൂറോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. നിരവധി പേരെ ചോദ്യം ചെയ്തു. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മോഷ്ടാവിനെ തിരിച്ചറിയുകയും പുളിയനത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി ഇയാൾ സമ്മതിച്ചു. ആലുവ ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.ഐ ബി കെ അരുൺ, എസ്.ഐ ജെ.ജോഷി, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, കെ എം മനോജ് ,എം എസ് ശ്രീരാജ്, മുഹമ്മദ് ഷാഹിൻ, എസ് ഷമീൻ , അനിൽജിത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ഉണ്ടായിരുന്നു.
















