കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ അടക്കം പുനരന്വേഷണം ആവശ്യപ്പെട്ടുളള അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും.ഹര്‍ജി ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.
കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറിയിരുന്നു. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട പരാതി മുമ്പ് താന്‍ ജുഡീഷ്യല്‍ രജിസ്ട്രാറായിരിക്കെ സ്വീകരിച്ചെന്ന് കാട്ടിയായിരുന്നു പിന്മാറ്റം.
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
കോടതി കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെടുന്നതും പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും. കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെ നാലു പേരെ വെറുതെ വിട്ടിരുന്നു. ആദ്യ 6 പ്രതികളെ ശിക്ഷിച്ചു.















