കോഴിക്കോട്: ദൈവശരീരങ്ങളായി മാറി, സമാനതകളില്ലാത്ത ശാരീരിക ബുദ്ധിമുട്ടുകളനുഭവിക്കുന്ന തെയ്യം കോലധാരികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ പദ്ധതിയൊരുങ്ങുന്നു. വടക്കന്‍ മലബാറിന്റെ സാംസ്‌കാരിക ജീവിതത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാവാത്ത അനുഷ്ഠാനമാണ് തെയ്യം. എന്നാല്‍, തെയ്യംകെട്ടുകാര്‍ ഈ അനുഷ്ഠാനത്തിന് വേണ്ടി അനുഭവിക്കുന്ന ശാരീരിക യാതനകള്‍ ഏറെയാണ്. അപകടങ്ങള്‍ പറ്റിയും പതിറ്റാണ്ടുകളോളം തെയ്യംകെട്ടിന്റെ ഭാഗമായുള്ള തീച്ചൂടും ഭാരവും ഏറ്റുവാങ്ങിയും ആയുസ്സെത്താതെ മരിച്ചവരും മദ്ധ്യവയസ്സാകുമ്പോള്‍ തന്നെ അവശതയനുഭവിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്.
പല തെയ്യക്കാരും ഉള്ളില്‍ അത്യധികമായ വേദന കടിച്ചമര്‍ത്തിയാണ് തങ്ങളുടെ മുന്നിലെത്തുന്ന മനുഷ്യരുടെ പരിദേവനങ്ങള്‍ക്ക് സാന്ത്വനമേകുന്നതെന്ന് തിരിച്ചറിഞ്ഞ പരിയാരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ചര്‍മ്മരോഗവിദഗ്ധനും നോവലിസ്റ്റുമായ ഡോ. പി.എം. മധുവാണ് തെയ്യക്കാര്‍ക്ക് ദേഹരക്ഷയ്‌ക്കുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. മെഡിക്കല്‍ കോളജിന്റെ രോഗനിദാന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ‘തെയ്യക്കരുതല്‍’ എന്ന പേരിലാണ് പദ്ധതിയെ കുറിച്ചുള്ള ആലോചനായോഗം നടന്നത്.
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ കോളജ് അധികൃതരും ഡോക്ടര്‍മാരും തെയ്യക്കാരുമായി ഇന്നലെ ചര്‍ച്ച നടത്തി. എഴുപതോളം തെയ്യക്കാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോലധാരികള്‍ ഇന്നനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്. സുഖചികിത്സ തുടങ്ങിയ രോഗപ്രതിരോധ മാര്‍ഗങ്ങള്‍, വിവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കുമുള്ള ചികിത്സ, കിടപ്പിലായ തെയ്യക്കാരുടെ പുനരധിവാസം എന്നീ മൂന്ന് മേഖലകളിലായി ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഉദ്ദേശ്യമെന്ന് ഡോ. പി.എം. മധു ജന്മഭൂമിയോട് പറഞ്ഞു. ഇതാദ്യമായാണ് തെയ്യക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും ശാരീരികാവശതകള്‍ പരിഹരിക്കാനും ഒരു പദ്ധതി തയ്യാറാവുന്നത്.
















