നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ഒരു കവിത
സ്വപ്നത്തിന്‍
അക്ഷരജാലകമുനമ്പില്‍
വന്നുനിന്നെന്നെ
തൊട്ടു നോക്കുന്നു.
ഞെട്ടിയുണരുംമുമ്പ്
വായിച്ചെടുക്കണം വരികള്‍.
അല്ലെങ്കില്‍
മാഞ്ഞുപോകും
സ്വപ്നരൂപങ്ങള്‍…
ലിപികള്‍ക്ക്
വ്യക്തത പോരാ…
നൂറ്റാണ്ടുകള്‍ പഴക്കമുള്ള
കണ്ണട തന്നെ വേണം…
അന്ധകാരക്കുളിരില്‍
കണ്ണട തപ്പുന്നേരം
കണ്ടൂ നിലക്കണ്ണാടിയില്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു
മങ്ങിയ സ്വന്തം ബിംബം…
വായിക്കപ്പെടാതെ പോവുന്ന
ഓരോ കവിതയിലും
ഒളിഞ്ഞിരുപ്പുണ്ട്
സ്വപ്നത്തില്‍ വിരിയുന്ന
ഓരോ കണ്ണാടി ബിംബങ്ങള്‍..
















