Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ: അവസാനത്തെ പെണ്ണ്-1

തപസ്യ സുവര്‍ണോത്സവ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ യുവ എഴുത്തുകാര്‍ക്കായി നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനമായ ഒ.വി. വിജയന്‍ പുരസ്‌കാരം നേടിയ ചെറുകഥ

മിഥുന്‍ അയ്യപ്പന്‍byമിഥുന്‍ അയ്യപ്പന്‍
May 31, 2026, 05:20 pm IST
inVaradyam, Literature

ക്രീ… ക്രീ… ക്രീ…
കാലങ്ങള്‍ക്ക് ശേഷം പുള്ളേനിയുടെ കര്‍ണപുടങ്ങളിലേക്ക് തുളച്ചുകയറുകയാണ് ഈ കൂര്‍ത്ത ശബ്ദം. ചേരമഞ്ഞ നിറത്തില്‍ നീണ്ടകാലുകളുള്ള ഭീമന്‍ കൊക്കുകള്‍ ആ നാടിനെ വീണ്ടും അസ്വസ്ഥമാക്കുകയാണ്. കെട്ടകാലത്തിന്റെ ദൂതരാണ് പുള്ളേനിക്കാര്‍ക്ക് ചേക്കുകൊക്കുകള്‍. ഒരു ചാത്തങ്കോഴിയുടെ വലുപ്പത്തില്‍ പറന്നിറങ്ങുന്ന ചേക്കുകൊക്കുകള്‍ക്ക് പിന്നാലെ ദുരന്തവും കെടുതിയും നാടിറങ്ങുമെന്നാണ് പുള്ളേനിയുടെ തായ്‌വേരുകള്‍ പകര്‍ന്ന നാട്ടറിവ്. പാങ്ങിക്കുന്നിനപ്പുറത്തേക്ക് ചേക്കുകൊക്കിന്റെ ചിറകടിയെത്തിയാലുറപ്പിക്കാം ചങ്കുറയ്‌ക്കാത്ത കെട്ടകാലമെത്തിയെന്ന്. അവറ്റകള്‍ പറന്നിറങ്ങുന്നയിടം നശൂലമാകുമെന്ന ഭയം തെല്ലൊന്നുമല്ല നാട്ടുകാരെ അലട്ടുന്നത്.

‘ചേക്കുകക്കിയ മണ്ണിന് തീണ്ടാരിവാവ്’ എന്നാണ് പുള്ളേനിയുടെ വാമൊഴി. പാങ്ങിക്കുന്ന് കടന്നെത്തുന്ന കരിഞ്ചിറകുകള്‍ പറന്നിറങ്ങിയ മണ്ണിനും വിളവിനും തണ്ണിക്കും അടുത്ത വെളുത്തവാവ് വരെ വിലക്കാണ്. ആ പറമ്പുകള്‍ അതോടെ തീണ്ടാപ്പറമ്പാകും. അവിടത്തെ വിളവുകള്‍ വിഷക്കനികളാകും. കിണറുകള്‍ വിഷഖനികളുമാകും. ഈ നാട്ടുചട്ടം ലംഘിച്ച് ചോരതുപ്പിച്ചത്ത പറങ്ങന്റെയും മച്ചിങ്ങാ വലുപ്പത്തില്‍ വസൂരിക്കുരു പൊന്തി ചീഞ്ഞു ചത്ത കുഞ്ഞമുവിന്റേയും അറച്ച പഴങ്കഥകള്‍ മതിയായിരുന്നു പുള്ളേനിയുടെ നാട്ടകങ്ങളെ രാപ്പനിപോലെ വിറപ്പിക്കാന്‍.

ഇതിനുമുന്‍പ് പുള്ളേനിയിലേക്ക് ചേക്കുകൊക്കുകളെത്തിയത് വസൂരിവിത്തുകളുമായായിരുന്നു. അന്ന് ചേക്കുകളുടെ ഓരടിച്ചിറകിന്റെ കരിനിഴല്‍ വീണയിടങ്ങളിലെല്ലാം വസൂരിവിത്തുകള്‍ മുളച്ചു പൊന്തി. പുള്ളേനിയുടെ പാതിമനുഷ്യരെ മാത്രമല്ല, ജന്തുജീവജാലങ്ങളെയെല്ലാം വസൂരിക്കുരുക്കള്‍ വീഴ്‌ത്തി. കൂരകള്‍ അര്‍ദ്ധരാത്രികളില്‍ അനക്കമറ്റു. കൈതക്കണ്ടങ്ങള്‍ക്കിടയില്‍ മാസങ്ങള്‍ക്ക് ശേഷം അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. അന്ന് പുള്ളേനിക്ക് പച്ച മാംസത്തിന്റെ കെട്ടനാറ്റമായിരുന്നു. ചേക്കുകൊക്കുകള്‍ കൂടൊഴിഞ്ഞ പനന്തലപ്പുകള്‍ക്ക് വരെ നട്ടുച്ചയ്‌ക്ക് തീപിടിച്ചിരുന്നു. ദുരന്തകാലത്തിന്റെ ഓര്‍മ്മകള്‍ ആരാണ് പുള്ളേനിക്ക് പകര്‍ന്ന് നല്‍കിയത്? അന്നുണ്ടായിരുന്നവരാരും ഇന്ന് പുള്ളേനിയിലില്ല. തലച്ചോറിനെ മരവിപ്പിക്കുന്ന ഈ വാര്‍ത്തകള്‍ നേരിട്ട് കണ്ടവരേയോ നേരിട്ട് കേട്ടറിഞ്ഞവരേയോ ഇന്നുള്ളവര്‍ കണ്ടിട്ടില്ല. പക്ഷേ നൂറ്റാണ്ടുകള്‍ക്കിപ്പുറവും കനലോര്‍മ്മകള്‍ക്ക് പള്ളിവാളിന്റെ മൂര്‍ച്ചയുണ്ട്.

ക്രീ… ക്രീ… ക്രീ…
വീണ്ടും പുള്ളേനിയുടെ നെഞ്ചിന്‍കൂട് തുളയ്‌ക്കുകയാണ് ആ ശബ്ദം. കാതുതകര്‍ക്കുന്ന അവറ്റകളുടെ ശബ്ദത്തില്‍ ആളുകള്‍ക്ക് സമനില തെറ്റി. നിമിഷങ്ങളെടുത്ത് സ്വബോധത്തിലെത്തിയവര്‍ ശബ്ദംകേട്ട ദിക്കോര്‍ത്ത് പാഞ്ഞു. മുള്ളുവേലികളില്‍ ദേഹമുരഞ്ഞും വേരുകളില്‍ തച്ചുവീണും ചോരപൊടിഞ്ഞ ആള്‍കൂട്ടം മുത്തിത്തറയോടടുത്തു. നെല്‍വയലുകളുടെ അവസാനത്തെ അതിരാണ് മുത്തിത്തറ. പുള്ളേനിയുടെ തെയ്‌വത്തറ പുള്ളേനിയുടെ കാവല്‍ ദൈവമാണ് മുത്തി. കരിങ്ക് മരത്തിന്റെ തണലില്‍ കറുകറുത്ത കൂര്‍ത്ത കരിങ്കല്ലില്‍ കുടിയിരിക്കുന്ന മുത്തി. മുത്തിത്തറയിലേക്ക് കൊങ്ങുമൂപ്പര്ക്ക് മാത്രേ കയറാനൊക്കൂ. തറയ്‌ക്ക് തൊട്ടുതാഴെവരെ ആണുങ്ങള്‍ക്ക് നില്‍ക്കാം. പെണ്ണുങ്ങള്‍ മുത്തിത്തറയ്‌ക്ക് നിഷിദ്ധമാണ്. മുത്തിത്തറയ്‌ക്ക് നൂറുവാരയ്‌ക്കപ്പുറം ഒരു കല്‍കെട്ടുണ്ട്. അവിടെനിന്ന് വേണം പെണ്ണുങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍. മുത്തിത്തറയില്‍ ആണുങ്ങള്‍ക്കെന്നപോലെ കല്‍കെട്ടില്‍ നൂറ്റൊന്ന് കതിരെണ്ണി പെണ്ണുങ്ങള്‍ക്കും പ്രായശ്ചിത്തം ചൊല്ലാം. മുത്തിത്തറയ്‌ക്ക് പിന്നിലാണ് കൊങ്ങു മൂപ്പരുടെ ഓലക്കുടി. പുള്ളേനിക്കാര്‍ ഉറപ്പിച്ചു, ചേക്കുകൊക്കുകള്‍ അലറുന്നത് കൊങ്ങുമൂപ്പരുടെ കുടിയില്‍ നിന്നാണ്.

ഓടിയടുത്ത ആള്‍കൂട്ടം പൊടുന്നനെ തരിച്ചു നിന്നു. നിലതെറ്റിയ ചിലര്‍ നിലത്തുവീണ് മുട്ടുരഞ്ഞു. കൊങ്ങുമൂപ്പരുടെ കുടിക്കുമുകളില്‍ ചിറക് വിരിച്ചു നില്‍ക്കുകയാണ് ഭീമന്‍ ചേക്കുകൊക്ക്. തൂവലടര്‍ന്ന് വളഞ്ഞ കഴുത്തിനുമുകളില്‍ ചെങ്കണ്ണുകള്‍ മിന്നുന്നു. ആള്‍ക്കൂട്ടത്തിനു നേരെ തെല്ലും ഭയമില്ലാതെ ആ ഭീമന്‍ പക്ഷി വീണ്ടുമലറി.

ക്രീ… ക്രീ…
കൊട്ടത്തേങ്ങകണക്കെയുള്ള തലപിളര്‍ന്ന് ചോരനാക്കു പുറത്ത് ചാടിയതോടെ ആള്‍ക്കൂട്ടത്തിലെ പെണ്ണുങ്ങളും ആണുങ്ങളും തിരിഞ്ഞോടി. കാല്‍ത്തടം തട്ടിയും മോഹാലസ്യപ്പെട്ടും ഏറെപ്പേര്‍ ഉരുണ്ടു വീണു. കൂര്‍ത്ത ശബ്ദത്തിനൊപ്പം ഗര്‍ഭപാത്രം പൊളിഞ്ഞ ഒരു പെണ്ണിന്റെ അലര്‍ച്ച! പിന്തിരിഞ്ഞോടിയവര്‍ മുത്തിത്തറയുടെ മറവില്‍ നിന്ന് കൊങ്ങുമൂപ്പരുടെ കുടിയിലേക്കുറ്റുനോക്കി. കുടിയില്‍ നിന്നും ഒരു ചോരക്കുഞ്ഞുമായി കൊങ്ങുമൂപ്പര്‍ പുറത്തുവന്നു. കൊങ്ങുമൂപ്പരുടെ പെണ്ണ് താന്നി വയറേറികിടന്ന കാര്യം ആള്‍ക്കൂട്ടത്തിലെ പെണ്ണുങ്ങള്‍ ഓര്‍ത്തതിപ്പോഴാണ്. മേലുചുറ്റിയ തുണി തലയിലിട്ട് രണ്ട് പെണ്ണുങ്ങള്‍ കുടിയിലേക്കോടാന്‍ തുനിഞ്ഞെങ്കിലും ആണുങ്ങള്‍ തടുത്തു. ചേക്കു കക്കിയ കുടി തീണ്ടാകുടിയാണ്. തീണ്ടരുത്. കൊരവള്ളി പൊട്ടിച്ചത്ത പറങ്ങനും കുഞ്ഞമുവിന്റെ… മച്ചിങ്ങാ വസൂരിയും പെണ്ണുങ്ങളുടെ ഓര്‍മയില്‍ മിന്നിമാഞ്ഞു. അവര്‍ പിന്നെയനങ്ങിയില്ല. ഓലക്കുടിയുടെ ഇറയത്ത് കൊങ്ങുമൂപ്പര് ചോരക്കുഞ്ഞിനെ തൂവിത്തുടച്ചു. ചോരയെല്ലാം തൂവികളഞ്ഞിട്ടും ചോപ്പുമാറാത്ത പെണ്‍കുഞ്ഞ്. കുടിക്കുള്ളിലെ പതിഞ്ഞ ഞരക്കം മെല്ലെ നിലച്ചു. കുഞ്ഞിനെ ഇറയത്ത് കിടത്തി കൊങ്ങുമൂപ്പര് അകത്ത് കയറി. ഈ മാത്രയില്‍ കൂരയ്‌ക്ക് മുകളില്‍ ചിറകുവിരിച്ചിരുന്ന ചേക്കുകൊക്ക് ഭീമന്‍ ചിറകുകളടിച്ച് പറന്നകന്നു. പുറത്ത് വന്ന കൊങ്ങുമൂപ്പരുടെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മുഖം വാടിവീണു. താന്നിപ്പെണ്ണ് മരിച്ചു! അവളെയും കൊണ്ടാണ് ചെക്ക്‌കോക്ക് പാങ്ങിക്കുന്ന് കടന്നത്.

ഉറക്കം നഷ്ടപ്പെട്ട നാട്ടാര്‍ക്ക് ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. നാട് നാശത്തിലേക്കടുക്കുന്നു. ഭയത്തോടെ ആരംഭിച്ച് അതിലേറെ ഭയത്തോടെ അവസാനിക്കുന്ന ഓരോ ദിവസവും കൊങ്ങുമൂപ്പരുടെ അവസ്ഥയില്‍ പുള്ളേനി നാട് സഹതാപപ്പെട്ടു. കൊങ്ങുമൂപ്പരും ചോരനിറമുള്ള പെണ്‍കുഞ്ഞും ജീവനോടെയുണ്ടെന്ന സത്യം നാടറിഞ്ഞു. കുടിയുടെ തെക്കേ അതിരില്‍ കൊങ്ങുമൂപ്പര് താന്നിപ്പെണ്ണിനെ അടക്കം ചെയ്തുവെന്നും, പതിനാറിന് മുത്തിത്തറയില്‍ ശേഷച്ചോറ് വിളമ്പിയെന്നും പലനാക്കുകളിലൂടെ കാതറിഞ്ഞു. ഇന്ന് വെളുത്തവാവാണ്. തീണ്ടാരി നീങ്ങുന്ന ദിവസം. ചേക്ക് തീണ്ടിയ അന്ന് മുതല്‍ വെളുത്തവാവ് വരെ ഓരോദിവസവും ഒന്നെന്നവീതം തീണ്ടക്കുറിയെഴുതിയ കല്ലുകള്‍ തലച്ചുമടായി പാങ്ങിമലയിലെ വെള്ളിക്കുളത്തിലെറിഞ്ഞാലേ തീണ്ടലവസാനിക്കൂ. അന്ന് വൈകുന്നേരം കൊങ്ങുവിനായി നാട്ടുകാരെല്ലാം നാട്ടുവഴികള്‍ ഒഴിഞ്ഞു കൊടുത്തു. ഇരുപതടിക്കപ്പുറം കുണ്ടിലും മാട്ടത്തും ആളുകള്‍ മറഞ്ഞു നിന്നു. കരുത്തനായിരുന്ന മുത്തിത്തറയുടെ ഓശിക്കാരന്‍ കൊങ്ങുമൂപ്പര് ഒരസ്ഥികൂടത്തെ പോലെ തലച്ചുമടില്‍ തീണ്ടക്കല്ലുകളുമായി പാങ്ങിക്കുന്ന് കയറുന്നത് പുള്ളേനിക്കാര്‍ അത്ഭുതത്തോടെ നോക്കിനിന്നു.

തീണ്ടലകന്നിട്ടും മാസങ്ങളോളം കൊങ്ങുമൂപ്പരുടെ കുടിയിലേക്ക് ആരുമെത്തിയില്ല. മുത്തിത്തറയിലെത്തുന്നവര്‍ തറയില്‍ കതിരെണ്ണി പ്രാര്‍ത്ഥിച്ച് പോകുംമുന്‍പ് കുടിയിലേക്ക് ഏന്തിവലിഞ്ഞൊരു കണ്ണെറിയും. അത്രമാത്രം. പതിയെ കൊങ്ങുമൂപ്പരുടെ ചോരനിറമുള്ള പെണ്‍കുഞ്ഞ് പുള്ളേനിയിലെ ഉത്തരംകിട്ടാത്ത ചോദ്യമായി മാറി. കുഞ്ഞനാംവളവിലെ പെറഗണി സഭയില്‍ പെണ്‍കുഞ്ഞ് ശാപക്കുഞ്ഞാണെന്ന് പലതവണ വിധിയെഴുതി. കരിങ്ങാലി തടിയുടെ നിറമുള്ള പുള്ളേനിക്കാരില്‍ ചെമ്പോത്തിന്റെ ചെങ്കണ്ണ് പോലെ ചുവന്ന നിറമുള്ള ഒരേയൊരു മനുഷ്യജന്മമായിരുന്നു കൊങ്ങുമൂപ്പരുടെ പെണ്‍കുഞ്ഞ്. അവളുടെ നിറം പോലെത്തന്നെ കൊങ്ങുമൂപ്പര് അവള്‍ക്ക് പേരിട്ടു, ചെമ്പോത്തി.

ആരോ തലയില്‍ കെട്ടിവച്ച ഭ്രഷ്ടിനൊപ്പമാണ് ചെമ്പോത്തികുഞ്ഞ് വളര്‍ന്നത്. മുത്തിത്തറയിലെ ഓശിക്കാരനായ കൊങ്ങുമൂപ്പരെ പുള്ളേനി എളുപ്പത്തില്‍ ഉള്‍ക്കൊണ്ടു. കൊങ്ങുമൂപ്പര് മുത്തിത്തറയില്‍ ആണ്ടറുതികളില്‍ പതിവുപോലെ കാണിതുള്ളിത്തുടങ്ങി. പള്ളിവാളാല്‍ തലചതച്ച് പുള്ളേനിയിലെ ഓരോ പ്രശ്നങ്ങള്‍ക്കും മൂപ്പര് പരിഹാരം ചൊല്ലി. കൈകുമ്പിളില്‍ നെല്ല് വച്ച് ഭയഭക്തിയോടെ നാട്ടുകാര്‍ കൊങ്ങുമൂപ്പരിലെ മുത്തിയെ തൊഴുതിരുന്നുവെങ്കിലും കെട്ടകാലത്തിന്റെ ശാപചിഹ്നമായ ചെമ്പോത്തിയുടെ സ്ഥാനം തീണ്ടാപാടകലെ തന്നെയായിരുന്നു. കറുകറുത്ത പുള്ളേനിക്കാര്‍ക്കിടയില്‍ ചുവന്ന ചെമ്പോത്തി ഒറ്റയ്‌ക്ക് വളര്‍ന്നു.

പുള്ളേനിയുടെ ഉറച്ചമണ്ണില്‍ വേരിറക്കിയ നാട്ടുചട്ടങ്ങള്‍ പാഴ്‌ക്കതിരായോ? ദുരന്തത്തിന്റെ കൂര്‍ത്ത ശബ്ദവുമായെത്തിയ ചേക്കുകൊക്കുകള്‍ പുള്ളേനിയില്‍ ഒരുമാറ്റവും ഉണ്ടാക്കിയില്ല. കേട്ടറിഞ്ഞ പഴങ്കഥകളിലെ വസൂരിവിത്തുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുള്ളേനിയില്‍ മുളപൊട്ടിയില്ല. കൊരവള്ളിപൊട്ടി ചോരച്ഛര്‍ദ്ദിച്ച പറങ്ങന്മാരും പിന്നീടുണ്ടായില്ല. ആരാലും അത്ഭുതത്തോടെ നോക്കുന്ന ഒരു ചെമ്പെണ്ണുണ്ടായതല്ലാതെ.

‘കൊങ്ങുമൂപ്പര് പ്രാണന്‍ കൊടുത്താ മുത്തിയെ നോക്കണത്. ഓന്റെ തണ്ടക്കരുത്തിലാ പുള്ളേനി കത്താതെ നിക്കണത്. ചേക്കുകള്‍ക്ക് ജീവന്‍കൊടുത്തോളുടെ ആണൊരുത്തന്‍. മുത്തിത്തറയില്‍ ഓനുള്ളോടുത്തോളം പുള്ളേനിയില്‍ വസൂരിവിത്ത് മുളയ്‌ക്കില്ലാ.’

പുള്ളേനിയുടെ പഴങ്കഥകളിലേക്ക് കൊങ്ങുമൂപ്പരെന്ന വീരപുരുഷനെകൂടി ചേര്‍ത്തെഴുതിത്തുടങ്ങി പുള്ളേനിക്കാര്‍. പതിയെ ചെമ്പോത്തിയും പുള്ളേനിക്കാരിലൊരാളായി മാറി. കൈതക്കണ്ടങ്ങളില്‍ ചെമ്പോത്തി വെള്ളം തേവി. കണ്ടച്ചേറിലിറങ്ങി വിരല്‍കുഴികളില്‍ ഞാറുനട്ടു. മെതിച്ചു. ചോന്ന പെണ്ണിനൊപ്പം കറുത്തപെണ്ണുങ്ങളുണ്ടായി. അവര്‍ കരിവളക്കിലുക്കത്തില്‍ സൊറപറഞ്ഞു. പുള്ളേനിയിലെ ഉശിരുള്ള ആണുങ്ങള്‍ പെണ്‍ചോപ്പിനെ മാത്രം സ്വപ്നം കണ്ടു. പൊന്നൂരിലെ വെളുത്ത പെണ്ണുങ്ങളെ കുറിച്ച് കേട്ടറിവുണ്ട്. പുള്ളേനിയിലെ കരുത്തുള്ള കറുത്തപെണ്ണുങ്ങളും അനുഭവങ്ങളാണ്. പക്ഷേ ചുവന്ന പെണ്ണ് ആണുങ്ങളുടെ നെഞ്ചിടിപ്പേറ്റി.

മുത്തിത്തറയ്‌ക്കപ്പുറം വയലുകളില്‍ സ്വര്‍ണം കതിരിട്ടു. മാസങ്ങളുടെ അധ്വാനമറിഞ്ഞ മണ്ണ് സ്വയം വളര്‍ന്ന് പൂത്തപോലെ കനം വച്ച നെല്‍ക്കതിരുകള്‍. കണ്ടത്തിലേക്ക് ചെരിച്ച് വെട്ടിയ മാട്ടത്തില്‍ കുത്തിയിരുന്ന് കൊങ്ങുമൂപ്പര് ഓര്‍ത്തു. ഇത്രയും വിളവ് ഇതിനുമുന്‍പുണ്ടായിട്ടില്ല. കരിങ്ക് മരത്തിന്റെ തണലിലെ മുത്തിയുടെ സന്തോഷവും സങ്കടവുമെല്ലാമാണ് വിളവായി പുള്ളേനിക്ക് കിട്ടുക. മുത്തി കരഞ്ഞാല്‍ വെള്ളംവലിയാതെ ഞാറ് ചീഞ്ഞുപോകും. മുത്തി ചിരിച്ചാല്‍ കതിരുകള്‍ നിറഞ്ഞു ചിരിക്കും. മുത്തി ദേഷ്യപ്പെട്ടാല്‍ പുള്ളേനിയുടെ അങ്ങേ നാട്ടതിരില്‍ നിന്നും വിളവിന് തീപിടിക്കും. മുത്തിയെ ഇത്രയും സന്തോഷിപ്പിച്ച ഒരു ഓശിക്കാരന്‍ തന്റെ കുടുംബത്തില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. കൊങ്ങുമൂപ്പര് വലത് ഭാഗത്തിരുന്ന മണ്‍കുടത്തിലെ മധുരക്കള്ള് സന്തോഷത്തോടെ പിന്നെയും മോന്തി.

അറ്റമെത്താത്ത വയലുകള്‍ക്കപ്പുറം പൊന്നൂരാണ്. പുള്ളേനിക്കാരുടെ നാടതിര് അവിടെയാണ്. അതിരില്‍ സ്വര്‍ണപ്പട്ടുചുറ്റിയ ഒരു പാലമരമുണ്ട്. അങ്ങേയറ്റത്തെ പാലകൊമ്പില്‍ സ്വര്‍ണ നിറത്തില്‍ ഒരു പട്ടുകൊടിയും. പുള്ളേനിക്കാരുടെ തീണ്ടാക്കരയാണ് ആ പാലമരത്തിനപ്പുറം. അവിടെ വെളുത്ത പെണ്ണുങ്ങളും വെളുത്ത ആണുങ്ങളും ഉണ്ടെന്നാണ് പഴമൊഴി. പുള്ളേനിക്കാര്‍ പൊന്നൂരിലേക്കോ പൊന്നൂരുകാര്‍ പുള്ളേനിയിലേക്കോ വരാറില്ല. പാലമരത്തിനപ്പുറവും ഇപ്പുറവും രണ്ട് നാടുകള്‍. രണ്ട് ലോകങ്ങള്‍, രണ്ട് തരം മനുഷ്യര്‍.

‘അതിനപ്പുറം എന്താണ് ?’
ചെമ്പോത്തി ചോദിച്ചു.
മധുരകള്ളാല്‍ ഒട്ടിയ ചുണ്ടുകള്‍ക്കിടയിലൂടെ കൊങ്ങുമൂപ്പര് തിരിച്ചു ചോദിച്ചു.
‘ഏതിനപ്പുറം ?’
‘പാങ്ങിക്കുന്നിനപ്പുറം?’
‘അവിടെയാണ് ആകാശത്തിന്റെ അറ്റം.’
‘ഏ?…’ ചെമ്പോത്തി അത്ഭുതപ്പെട്ടു.
‘ആകാശത്തിന്റെ അറ്റമോ? ‘

‘ഊം… അവിടെത്തന്നെയാണ് ഭൂമിയുടെ അറ്റവും. പാങ്ങിക്കുന്നു കയറിയാല്‍ ഒരുപുകമറയാണ്. ആ പുകമറയിലാണ് ആകാശത്തിന്റെ ആദ്യപാളിയും ഭൂമിയുടെ ആദ്യപാളിയും കൂട്ടിമുട്ടുന്നത്. ഇടയ്‌ക്ക് പുകമറമാറുമ്പോള്‍ കണ്ണിലേക്ക് ഒരു വെള്ളിവെളിച്ചം ഇരച്ചു കയറും. അവിടുന്നാണ് ലോകം തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ നാടാണ് പുള്ളേനി.’
കൊങ്ങുമൂപ്പരുടെ ഓരോ വാക്കുകളും ചെമ്പോത്തി ആശ്ചര്യത്തോടെയാണ് കേള്‍ക്കുന്നത്. പാങ്ങിമലയിലെ തണുത്ത പുകമറയിലിരുന്ന് ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നത് കാണാന്‍ അവള്‍ കൊതിച്ചു. ആകാശത്തിന്റെയും ഭൂമിയുടെയും പാളികളുടെ സംഗമസ്ഥാനത്തുനിന്ന് വെള്ളിവെളിച്ചം പുകച്ചുരുളുകള്‍ക്കിടയിലൂടെ കണ്ണിലേക്കിരച്ചുകയറുന്നത് അവള്‍ ഒരു നിമിഷം അനുഭവിച്ചു. പെട്ടന്ന് അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

പാങ്ങിക്കുന്നിലെ ഈ രഹസ്യം മാറ്റാര്‍ക്കുമറിയില്ല. തീണ്ടാരി നീങ്ങാനായി പാങ്ങിക്കുന്ന് കയറിയ ഒരേയൊരു വ്യക്തിയെ ഇന്ന് പുള്ളേനിയിലുള്ളൂ. അത് കൊങ്ങുമൂപ്പരാണ്. കൊങ്ങു മൂപ്പര്‍ക്ക് മാത്രമറിയാവുന്ന കാര്യം ഇപ്പോള്‍ ചെമ്പോത്തിക്കുമറിയാം. അച്ഛന്റെ മായാവര്‍ണനകള്‍ അവളെ മത്ത് പിടിപ്പിച്ചിരുന്നു. എങ്ങനെയെങ്കിലും കുന്നേറണം. കൂടെക്കൂട്ടാന്‍ തന്നോളം തണ്ടുള്ള മറ്റു പെണ്ണുങ്ങളാരും പുള്ളേനിയിലില്ല. തന്റെ ചോപ്പും മുഴപ്പും തുറിച്ചുനോക്കുന്നവരല്ലാത്ത ആണുങ്ങളും അവളുടെ കണ്ണിലില്ലാ. അല്ലെങ്കിലും ഈ പുള്ളേനിയിലേക്ക്, അച്ഛന്‍ പറഞ്ഞതുപോലെ ഭൂമിയിലെ ആദ്യത്തെ നാട്ടിലേക്ക് ആരുമില്ലാതെ തനിച്ച് പിറന്നിറങ്ങിയവളാണ് ചെമ്പോത്തി. ആരുമില്ലെങ്കിലും ഞാന്‍ പാങ്ങിക്കുന്ന് കേറും. ചെമ്പോത്തിയുറപ്പിച്ചിരുന്നു. ഒരു ദിവസം പുള്ളേനിയുടെ ആയിരം കണ്ണുകളെ വെട്ടിച്ച് ചെമ്പോത്തി പാങ്ങിക്കുന്ന് കയറിത്തുടങ്ങി. തട്ടുടഞ്ഞ വിടവുകളിലൂടെ അവള്‍ പാറക്കെട്ട് താണ്ടവേയാണ് ബലിഷ്ഠമായ കൈകള്‍ അവളുടെ അരക്കെട്ടിനെ കെട്ടിവരിഞ്ഞത്. ദേഹം മുഴുവന്‍ രോമമുള്ള ഒരു പുരുഷ ശരീരം അവളെ എടുത്തുപൊക്കി കൂനന്‍ പാറയില്‍ ചേര്‍ത്ത് നിര്‍ത്തി. മിന്നല്‍പോലുള്ള അവന്റെ നീക്കത്തില്‍ നാക്കുകുഴഞ്ഞ അവള്‍ക്ക് ശബ്ദിക്കാന്‍ പോലുമായില്ല. ചാരക്കണ്ണുള്ള ആ പുരുഷന്‍ കാരിയാണ്. ഇതിനുമുന്‍പ് ഇടയ്‌ക്കെപ്പോഴോ മാത്രം കണ്ട ഓര്‍മ.

‘എന്തിനാണ് നീയെന്നെ തടുക്കുന്നത്?’ അവള്‍ ചോദിച്ചു.
‘നീയിതെവിടെ പോകുന്നു?’
‘എങ്ങോട്ടെങ്കിലും.’
‘പെണ്ണിന്റെ തൊലിമാത്രമല്ല. ഉശിരിനും നല്ല കട്ട ചോപ്പാണല്ലേ?’
കാരിയുടെ മറുപടി അവളെ ചൊടിപ്പിക്കുന്നുണ്ട്. അവനെ വകഞ്ഞുമാറ്റി അവള്‍ കുന്നിന്റെ നെറുകെ ലക്ഷ്യമാക്കി നടന്നു.
(തുടരും)

Tags: കഥMalayalam LiteratureShort Storyഅവസാനത്തെ പെണ്ണ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

Varadyam

കഥ: വിഷ ജന്തുക്കള്‍

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.