Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചിരഞ്ജീവിയും ശ്രീരാമ ഭക്തനുമാണ് ഹനൂമാന്‍ സ്വാമി. മഹാദേവന്റെ അംശാവതാരമാണ് ഹനൂമാനെന്ന് ശിവപുരാണത്തില്‍ പറയുന്നുണ്ട്.

വായൂപുത്രനായ ഹനൂമാന്‍ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രദര്‍ശനം നടത്തി യഥാവിധി വഴിപാടുകള്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചാല്‍ ഫലം ഏറെയാണ്.

ഹനൂമാന്‍ സ്വാമിയുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ തന്നെ ശത്രുദോഷങ്ങള്‍ അകലും. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ,അഷ്ടമ ശനി എന്നീ ദോഷകാലങ്ങളിലും ഹനൂമാന്‍സ്വാമിയെ വണങ്ങിയാല്‍ ദോഷ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.

ഹനൂമാന്‍ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാലസമര്‍പ്പണം. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനൂമാനാണ്. ആ വാര്‍ത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകള്‍ പറിച്ച് ഹാരമാക്കി ഹനൂമാനെ അണിയിച്ചുവെന്നാണ് പറയപ്പെടുന്നത്. വെറ്റിലമാല സമര്‍പ്പിച്ചു പ്രാര്‍ഥിച്ചാല്‍ സര്‍വകാര്യവിജയവും സമൃദ്ധിയുമാണ് ഫലം.

നെയ്വിളക്ക് സമര്‍പ്പിക്കുന്നതും ഉത്തമമാണ്. രോഗദുരിതങ്ങള്‍ തീരാന്‍ തുളസിമാലസമര്‍പ്പണം ഉത്തമമത്രേ .കദളിപ്പഴം നിവേദ്യമായി സമര്‍പ്പിക്കാവുന്നതാണ്.

ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളില്‍ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ സര്‍വവിധ ദോഷങ്ങളും അകന്ന് സര്‍വകാര്യജയം സാധ്യമാകും. ചൊവ്വ, വ്യാഴം, ശനി എന്നിവ ഹനൂമാന് പ്രാധാന്യമുള്ള ദിനങ്ങളാണ്.

ആഗ്രഹം വായുവേഗത്തില്‍ സാധിച്ചുതരുന്ന ഹനൂമാന്‍സ്വാമി ഉദ്യോഗത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടും കിട്ടാതിരിക്കുന്നവരും തന്റേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ക്ലേശം അനുഭവിക്കുന്നവരും വായുപുത്രനായ ഹനൂമാനെ പ്രാ
ര്‍ഥിക്കുന്നത് ഉത്തമമാണ് .രാമഭക്തനായ ഹനൂമാന്‍സ്വാമി ഭക്തന്റെ ആഗ്രഹം വായുവേഗത്തില്‍ സാധിച്ചുതരും എന്നാണ് വിശ്വാസം .

‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.’
ഈ മന്ത്രം ക്ഷേത്രദര്‍ശനവേളയില്‍ ഭക്തിയോടെ ജപിക്കുന്നത് തൊഴില്‍ തടസ്സം നീങ്ങാന്‍ ഉത്തമമാണ്. ഹനുമത്പ്രീതി നേടിയ ഭക്തന് വീര്യം, ഓജസ്സ് ,ബുദ്ധികൂര്‍മ്മത എന്നിവ സ്വായത്തമാകും എന്നാണ് വിശ്വാസം.

ഹനൂമല്‍ സ്തുതി

മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി
ബുദ്ധിര്‍ ബലം യശോധൈര്യം
നിര്‍ഭയത്വമരോഗത
അജയ്യം വാക് പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത്

(ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.)

Recent Posts