
ഗണേഷ് മോഹന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നാലാം തവണയും പരാജയം ഏറ്റുവാങ്ങിയത് ആഘോഷിക്കുന്ന ഇടത്-വലത് മുന്നണികള്‍ സത്യത്തില്‍ പൊതുജന മധ്യത്തില്‍ വിവസ്ത്രരായി നില്‍ക്കുകയാണ്. വമ്പനെ നേരിടാന്‍ കെല്‍പില്ലാതെ, ഇരുട്ടിന്റെ മറവില്‍ പിന്നില്‍ നിന്നു കുത്തി വീഴ്‌ത്തുന്ന പണിയാണ് അവര്‍ ചെയ്തത്. ഇക്കാര്യം ഇരു മുന്നണിക്കും ഒരുതരത്തിലും തളളിക്കളയാനാവില്ല. കാരണം സിപിഎമ്മിന്റെ വോട്ടു മറിക്കല്‍ രാഷ്‌ട്രീയത്തെ, മണ്ഡലത്തിലെ വോട്ടിങ് നില പകല്‍ പോലെ വ്യക്തമാക്കുന്നുണ്ട്. മറിച്ചവരും മറിച്ചതു വാങ്ങിയവരും ഇതില്‍ തുല്യ പങ്കാളികള്‍ തന്നെ. നാണമില്ലാത്തവര്‍ക്ക് എന്തും അലങ്കാരമായി തോന്നുമല്ലോ. അതാണു മഞ്ചേശ്വരത്തു കാണുന്നത്. നീലകണ്ഠനെ വീഴ്‌ത്താന്‍ നിനക്ക് ഇരുട്ടിന്റെ മറവും നാലാളുടെ സഹായവും വേണ്ടിവന്നില്ലേ എന്ന് ദേവാസുരത്തിലെ ഒരു കഥാപാത്രം ചോദിക്കുന്നതു പോലെയാണിത്. സത്യത്തിനു നേരേ നിവര്‍ന്നു നില്‍ക്കാനുള്ള തന്റേടം എന്നേ കൈമോശം വന്ന സംഘങ്ങളാണല്ലോ രണ്ടും.
എല്ലാ കാലത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നു കേരളത്തില്‍ നടപ്പിലാക്കിവരുന്ന ക്രോസ് വോട്ടിങ് എന്ന കലാപരിപാടിയാണ് ഇക്കുറി അല്‍പം കൂടിയ ഡോസില്‍ നടപ്പാക്കിയത്. ഇത്തവണ അതിന് ജിഹാദികളുടെ പ്രത്യക്ഷ സഹായംകൂടി ഉണ്ടായിരുന്നു എന്നു മാത്രം. മഞ്ചേശ്വരത്തിനു പുറമെ പാലക്കാട്ട് ശോഭാ സുരേന്ദ്രനെതിരേയും ഇത്തരം തന്ത്രം പ്രയോഗിക്കപ്പെട്ടു. അതാണു ബിജെപിയുടെ രണ്ട് സമുന്നത നേതാക്കളെ പരാജയപ്പെടുത്തുന്നതിലേക്കെത്തിച്ചതെന്ന് മണ്ഡലങ്ങളിലെ വോട്ടിങ് പാറ്റേണ്‍ വ്യക്തമാക്കുന്നു. ബിജെപി എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തെ ഇരുമുന്നണികളും എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവ് ഇതിലുണ്ട്. അതിനപ്പുറം ഈ രണ്ടു നേതാക്കളുടേയും നിയമസഭാ സാന്നിദ്ധ്യവും അവരെ പേടിപ്പെടുത്തുന്നുണ്ടെന്നുള്ള തുറന്നു പറച്ചിലും അതിലുണ്ട്. ഒപ്പം പൊളിറ്റിക്കല്‍ ഇസ്ലാം ഇരുമണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചു എന്നു കൂടി വേണം പറയാന്‍.
മതേതരത്വത്തിന്റെ മറ പിടിച്ചും ഭീകരതയുടെ കൈപിടിച്ചുമുള്ള വിജയവും ഭരണവും തങ്ങളെ നയിക്കുന്നത് എങ്ങോട്ടെന്ന് അവര്‍ അറിയാനിരിക്കുന്നതേയുള്ളൂ.
സിപിഎമ്മിന്റെ വോട്ടു ചോര്‍ച്ച തിരിച്ചറിയേണ്ടതായിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരത്ത് 40,000-ത്തിലേറെ വോട്ടുകള്‍ നേടിയിരുന്ന എല്‍ഡിഎഫിന് മണ്ഡലത്തില്‍ ഇക്കുറി കിട്ടിയത് വെറും 21,212 വോട്ടുകളാണ്. ഏകദേശം 20,000 വോട്ടുകളുടെ ചോര്‍ച്ച. ഇതാണ് യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫിന് 29,252 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയതെന്നതാണ് യാഥാര്‍ത്ഥ്യം. 2016-ല്‍ 89 വോട്ടിനും 2021-ല്‍ 745 വോട്ടിനും യുഡിഎഫ് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് 29000ത്തോളം ഭൂരിപക്ഷം ലഭിച്ചത് രാഷ്‌ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ട വലിയൊരു സമസ്യയാണ്. ഒരുതരത്തില്‍ ജനാധിപത്യത്തെ അട്ടിമറിക്കലാണ് നടന്നത്.
2016-ല്‍ സിപിഎം സ്ഥാനാര്‍ഥി സി.എച്ച്. കുഞ്ഞമ്പു 42,565 വോട്ടു നേടിയിരുന്നു. 2021-ല്‍ സിപിഎം സ്ഥാനാര്‍ത്ഥി വി.വി. രമേശന് 40,639 വോട്ടു ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് 33,928 വോട്ടു നേടി. ആ ഇടത്താണ് ഇത്തവണ കേവലം 21212 വോട്ട് മാത്രം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. സിപിഎമ്മിന് ഏറേ സ്വാധീനമുള്ള മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍ പോലും പാര്‍ട്ടി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ആര്‍. ജയാനന്ദയ്‌ക്ക് ലഭിച്ചില്ലെന്നത് സിപിഎമ്മിനകത്തു തന്നെ ഇതിനകം വലിയ ചര്‍ച്ചകള്‍ക്കു വഴി തുറന്നിട്ടുണ്ട്. ഇടത് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കൂട്ടത്തോടെ ലഭിച്ചുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫിന്റെ ഇത്രയധികം വോട്ട് ഒന്നാകെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നത് ഒരുപക്ഷേ കേരള രാഷ്‌ട്രീയ ചരിത്രത്തിലാദ്യമാവാം. ബിജെപിയുടെ കേരളത്തിലെ കരുത്തനായ നേതാവ് കെ. സുരേന്ദ്രനെ ഒരുതരത്തിലും നിയമസഭ തൊടീക്കരുതെന്ന് എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്നേ എടുത്ത തീരുമാനമാണ് ഈ അടിയൊഴുക്കിന് പിന്നിലെന്നതിനു സംശയമില്ല. കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുളള പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി സിപിഎം നേതാവായ കെ.ആര്‍. ജയാനന്ദയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഘട്ടത്തില്‍ത്തന്നെ ഇടതുപക്ഷ വോട്ടുമറിക്കലിന്റെ ആദ്യ സൂചനകള്‍ പുറത്തു വന്നിരുന്നു. കെ. സുരേന്ദ്രന്‍ തന്നെ മണ്ഡലത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് ഡീല്‍ സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വോട്ട് മറിക്കലാണ് നടത്തിയിരിക്കുന്നതെന്ന് പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ചര്‍ച്ച നടക്കുകയാണ്.
എല്‍ഡിഎഫ് വോട്ട് മറിക്കല്‍ വ്യക്തമാണെന്നിരിക്കെ മത തീവ്രവാദ ശക്തികളുടെ വോട്ടുകൂടി വാങ്ങിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതെന്ന സത്യവും നിലനില്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മത തീവ്രവാദത്തിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയെ ഉന്നത കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസം പ്രാവര്‍ത്തികമാക്കുന്നതിലും മുന്നണികള്‍ വിജയിച്ചുവെന്നര്‍ത്ഥം. എ.കെ.എം. അഷ്റഫ് -96,948 വോട്ട് നേടിയപ്പോള്‍ കെ. സുരേന്ദ്രന് ലഭിച്ചത് -67,696 വോട്ടാണ്. കെ.ആര്‍. ജയാനന്ദയ്‌ക്കു കിട്ടിയതാവട്ടെ കേവലം 21,212 വോട്ട്. 455 പേര്‍ നോട്ടയ്‌ക്ക് വോട്ട് ചെയ്തു. സുരേന്ദ്രന് 2,683 വോട്ടുകള്‍ കഴിഞ്ഞതവണത്തെക്കാള്‍ വര്‍ദ്ധിച്ചുവെന്ന വസ്തുതയും നിലനില്‍ക്കുന്നു.
രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയ മറ്റൊരു മണ്ഡലമായ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ മത്സരിച്ച പാലക്കാട് മണ്ഡലത്തിലും ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മറിഞ്ഞുവെന്നു വ്യക്തമാണ്. ഇടതു മുന്നണിക്ക് 2021ല്‍ 36,433 വോട്ടും, 2024ലെ ഉപതെരഞ്ഞെടുപ്പില്‍ 37,293 വോട്ടും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലഭിച്ചതാകട്ടെ 33,931 വോട്ട് മാത്രമാണ്. പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ വിജയിക്കുമെന്നുറപ്പായപ്പോള്‍ ഇന്‍ഡി സഖ്യമായി ഇടതും വലതും കൈകോര്‍ക്കുകയായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന്റെ അയ്യായിരത്തോളം വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിച്ചത്. ഇത്തരത്തില്‍ ബിജെപി ഏറെ പ്രതീക്ഷയോടെ കണ്ട രണ്ട് മണ്ഡലങ്ങളില്‍ ഇടതും-വലതും, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും ചേര്‍ന്ന് പാര്‍ട്ടിയെ പരാജയപ്പെടുത്തുകയായിരുന്നു. അതിനാല്‍ത്തന്നെ രണ്ടിടത്തെ വിജയവും ജനാധിപത്യ വിജയമാണോയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ജഗന്നാഥന് നേര്‍ക്കുനേര്‍ നിന്നു പൊരുതുന്നവരെയാണ് ഇഷ്ടം എന്ന ആറാം തമ്പുരാന്‍ ഡയലോഗും ഓര്‍മവരുന്നു.
ഏതായാലും, അഴിമതികള്‍ മൂടിവയ്‌ക്കാനും കേന്ദ്രത്തേ കുറ്റപ്പെടുത്താനും ഏകകണ്ഠമായി പ്രമേയം പാസാക്കുന്ന കളി ഇനി നിയമസഭയില്‍ നടക്കില്ല. ചോദിക്കാന്‍ എന്‍ഡിഎക്കാര്‍ മൂന്നു പേര്‍ ഉണ്ടല്ലോ.