കാലടി: കാഞ്ഞൂര്‍ ഗ്രാമത്തില്‍ നിന്ന് കാര്‍ഷിക വിജയഗാഥയുമായി വീട്ടമ്മ ദല്‍ഹിക്ക് യാത്രതിരിച്ചു. 7, 8 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ജോളി ജോസിനെ ക്ഷണിച്ചിരിക്കുന്നത്.
ദല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നൂറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്ന കേരളത്തിലെ 18 പേരില്‍ ഒരാളാണ് കാഞ്ഞൂര്‍ പൈനാടത്ത് വീട്ടില്‍ ജോളി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 150 പേരാണ് പങ്കെടുക്കുന്നത്.
കാഞ്ഞൂര്‍ പാറപ്പുറത്ത് നാച്ചുറല്‍ പ്രൊഡക്റ്റ് എന്ന പേരില്‍ മൂല്യവര്‍ദ്ധിത ഉത്പന്ന വില്പന സ്ഥാപനം ജോളി ജോസ് തുടങ്ങിയത് ജനശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്ന് മാസം മുന്‍പ് തുടങ്ങിയ ഈ പദ്ധതി പ്രകാരം പാല്, പാലുത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങി. മൂന്ന് പേരെ സഹായത്തിനായി കൂട്ടി. പാലില്‍ നിന്ന് തൈര്, പനീര്‍, നെയ്യ്, യോഗര്‍ട്ട്, സിപ്പപ്പ്, ഇഡലി മാവ്, ദോശ, അച്ചാറുകള്‍, ശുദ്ധമായ വെളിച്ചെണ്ണ എന്നിവയെല്ലാം വിപണിയെക്കാളും കുറഞ്ഞ വിലയില്‍ ഇവര്‍ നല്‍കുന്നു.
നിലവില്‍ കേരളത്തിലങ്ങോളമിങ്ങോളം ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ബ്രാന്‍ഡ് ഉത്പന്നങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ ഇത് വാങ്ങുന്നു. ഇവരുടെ ഉത്പന്നങ്ങള്‍ രുചി കൂടിയതും വിലക്കുറവും മായമില്ലാത്തതുമായതിനാലാണ് നന്നായി വിറ്റുപോകുന്നത്.
ഒരു ഏജന്‍സിയുടെയും സഹായമില്ലാതെ നിര്‍മാണവും വില്പനയും എല്ലാം ഇവര്‍ തനിയെ ചെയ്യുന്നു. ഇത്തരം സംരംഭവുമായി ധാരാളം വനിതകള്‍ മുന്നോട്ട് വരണമെന്നാണ് ജോളിയുടെ ആഗ്രഹം.
ജില്ലാ പഞ്ചായത്തിലെ കര്‍ഷകമേളയില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എക്കോ ഫ്രണ്ടിലെ ഉത്പന്ന വില്പന വന്‍വിജയമായിരുന്നു.
നഷ്ടസ്വപ്‌നങ്ങളില്‍ അലഞ്ഞുതിരിയാതെ മുന്നോട്ടു കുതിക്കാന്‍ തയ്യാറായാല്‍ എഴുതിച്ചേര്‍ക്കാം പുതിയ ചരിത്രങ്ങളെന്ന് ഇവര്‍ കാണിച്ചുതരുന്നു. ഭര്‍ത്താവ്: ജോസ്. മകള്‍: ജോജോ (ന്യൂസിലന്റ്), ഡോണ്‍, ജോന്‍സില്‍.











