കൊച്ചി: തോള്‍ രോഗനിര്‍ണയത്തിലെ വൈദ്യശാസ്ത്ര പുരോഗതിയും, കീറി മുറിക്കല്‍ ഇല്ലാത്ത അതിനൂതന മിനിമലി ഇന്‍വേസീവ് സര്‍ജിക്കല്‍ സാങ്കേതിക വിദ്യകളും പഠനവിഷയമാക്കി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഷോള്‍ഡര്‍ കോഴ്‌സ് എന്ന രണ്ട് ദിവസത്തെ അന്താരാഷ്ട ഓര്‍ത്തോപീഡിക് വിദഗ്ദ്ധ സമ്മേളനം ആരംഭിച്ചു.
കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, ഇന്ത്യന്‍ ആര്‍ത്രോസ്‌കോപ്പി സൊസൈറ്റി, കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍, ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ, അസോസിയേഷന്‍ ഓഫ് ആര്‍ത്രോസ്‌കോപ്പിക് സര്‍ജന്‍സ്, കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി എന്നിവ ചേര്‍ന്നാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് സിഇഒ ജോയ് പി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സന്ധികളില്‍ ഒന്നാണ് തോള്‍. എന്നാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതുവരെ ചികിത്സ തേടാത്ത സാഹചര്യം നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ഗനൈസിംഗ് ചെയര്‍മാനും കോഴ്‌സ് കോ. ഓര്‍ഡിനേറ്ററുമായ ഡോ. സുജിത് ജോസ്, ഡോ. ബ്രൂണോ ടുസാന്റ് (ഫ്രാന്‍സ്); ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് ഡോ. ആശിഷ് ബാബുല്‍ക്കര്‍, സെക്രട്ടറി ഡോ. രാജീവ് രാമന്‍, കെഒഎ പ്രസിഡന്റ് ഡോ. ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.
ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ നടത്തുന്ന ലൈവ് ശസ്ത്രക്രിയകള്‍, യുവ ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി സാങ്കേതിക വിദ്യകള്‍ പരിശീലിക്കുന്നതിന് വെര്‍ച്വല്‍ റിയാലിറ്റി സിമുലേറ്റര്‍, മോഡല്‍ പരിശീലനങ്ങള്‍ എന്നിവ സമ്മേളനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
















