അംരേലി: ഗുജറാത്തില്‍ സ്വകാര്യ പരിശീലന അക്കാദമിയിലെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. അംരേലി ജില്ലയിലെ ശാസ്ത്രി നഗര്‍ ഏരിയയിലാണ് അപകടമുണ്ടായത്. സ്വകാര്യ വ്യോമയാന അക്കാദമിയുടെ വിമാനമാണ് തകര്‍ന്നത്. പരിശീലനത്തിനിടെ ഇന്നലെ ഉച്ചയ്‌ക്ക് 12.52 ഓടെയാണ് അപകടം.
വിമാനം തകര്‍ന്നതിന് പിന്നാലെ പ്രദേശത്ത് തീപ്പിടിച്ചു.
അംരേലിയിലെ വിഷന്‍ ഫ്‌ളൈയിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ട്രെയിനി പൈലറ്റായിരുന്ന അനികേത് മഹാജനാണ് മരിച്ചത്. ജനവാസ കേന്ദ്രത്തിലാണ് അപകടം സംഭവിച്ചതെങ്കിലും പ്രദേശവാസികളുടെ ഇടപെടലില്‍ വലിയ അപകടം ഒഴിവായി. അപകടകാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അംരേലി ഡെപ്യൂട്ടി എസ്പി ചിരാഗ് ദേശായി അറിയിച്ചു. ഈ മാസം ഒന്നിന് മെഹ്‌സാനയിലെ ഉചര്‍പി ഗ്രാമത്തിലുണ്ടായ വിമാന അപകടത്തില്‍ വനിതാ പൈലറ്റിന് പരിക്കേറ്റിരുന്നു. ഉചര്‍പിയിലെ നദിക്ക് സമീപത്തായാണ് അപകടമുണ്ടായത്. പരിക്കേറ്റ പൈലറ്റ് ചികിത്സയിലാണ്.











