തിരുവനന്തപുരം: ആലപ്പുഴയിലെ സിപിഎം യുവ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിബിന്‍.സി.ബാബു ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിൽ നിന്നും ബിജെപി അംഗത്വമെടുത്തു. തിരുവനന്തപുരത്ത് നടന്ന ബിജെപി സംഘടനാ പർവ്വത്തിലാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നത്. സിപിഎം ഏരിയാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ബിബിൻ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്. ബിപിൻ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പ്രസന്നകുമാരി അമ്മയുടെ മകനാണ് ബിബിൻ.
മോദിയുടെ വികസന നയങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ ബിജെപിയിൽ ചേരുന്നതെന്ന് ബിബിൻ.സി.ബാബു പറഞ്ഞു. സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികളാണ് മോദി സർക്കാർ നടപ്പാക്കുന്നത്.
കേരളത്തിലെ ദേശീയ പാത വികസനവും റെയിൽവേ വികസനവും ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമാണ്. സിപിഎമ്മിനെ വർഗ്ഗീയ വാദികൾ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വർഗീയ ശക്തികളാണ് ഇന്ന് പാർട്ടിയെ നിയന്ത്രിക്കുന്നത്. പാർട്ടിയിൽ ജി. സുധാകരന്റെ അവസ്ഥ പോലും ദയനീയമാണ്. സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ആയിരക്കണക്കിന് പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേരും.
പാലാക്കാട്ടെ ഉപതെരഞ്ഞെടുപ്പ് മാത്രം വച്ച് കേരളത്തിൽ ബിജെപിക്ക് വളർച്ച ഇല്ലെന്ന് പറയാനാവില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ച നാം കണ്ടതാണെന്നും ബിബിൻ.സി.ബാബു പറഞ്ഞു.
കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിബിൻ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ എഎൻ രാധാകൃഷ്ണൻ, ഡോ.കെഎസ് രാധാകൃഷണൻ, ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, സി. കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വരണാധികാരി നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: