മുംബൈ: റിസര്‍വ്വ് ബാങ്ക് ഇതുവരെ നല്‍കാത്ത അത്രയും ഉയര്‍ന്ന തുകയായ 2.10 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന തീരുമാനം വന്നതോടെ യുഎസ് ഡോളറിനെതിരെ മൂല്യം കുത്തനെ ഉയര്‍ന്ന് ഇന്ത്യന്‍ രൂപ. വെള്ളിയാഴ്ച ഏകദേശം 25 പൈസയോളമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നത്. ഒരു ഡോളറിന് 83 രൂപ 3 പൈസ എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപ.
മെയ് മാസത്തിലെ കണക്കെടുത്താല്‍ മെയ് 10നാണ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. ഒരു ഡോളറിന് 83 രൂപ 54 പൈസയായിരുന്നു. പിന്നീട് മെയ് 16ന് ഒരു ഡോളറിന് 83 രൂപ 45 പൈസ എന്ന നിലയില്‍ എത്തി. മെയ് 17ന് അത് 17 പൈസ ഉയര്‍ന്ന് ഒരു ഡോളറിന് 83 രൂപ 28 പൈസ എന്ന നിലയില്‍ അവസാനിച്ചു. പിന്നീടാണ് ഇപ്പോള്‍ മെയ് 24 വെള്ളിയാഴ്ച 25 പൈസ ഉയര്‍ന്ന് 83 രൂപ 3 പൈസയിലേക്ക് എത്തിയിരിക്കുന്നത്. 2024 ഏപ്രില്‍ മാസത്തില്‍ ഒരു ഡോളറിന് 83 രൂപ 90 പൈസ എന്നതായിരുന്നു ഇന്ത്യന്‍ രൂപയുടെ സ്ഥിതി. ആഗോളതലത്തില്‍ യുഎസ് ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.
ജപ്പാനിലെ യെൻ ഉള്‍പ്പെടെയുള്ള മറ്റ് കറന്‍സികള്‍ യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ മൂല്യം ഇടിയുമ്പോഴാണ് ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ശക്തി പ്രാപിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും രൂപ മുന്നേറിയതോടെ കഴിഞ്ഞ അഞ്ച് മാസത്തില്‍ ഡോളറിനെതിരെ ഏറ്റവും ശക്തമായ നിലയിലേക്കാണ് ഇന്ത്യന്‍ രൂപ ഉയര്‍ന്നത്.
റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവീതത്തില്‍ നിന്നും ഒരു ലക്ഷം കോടി രൂപയോളം കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന അഭ്യൂഹമാണ് പരന്നിരുന്നതെങ്കിലും പിന്നീട് 2.10 ലക്ഷം കോടി നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. റിസര്‍വ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളവും നല്ല ലാഭവീതം നേടിയ വര്‍ഷമായതിനാലാണ് ഇത്രയും തുക കേന്ദ്രസര്‍ക്കാരിന് കൈമാറിയത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി കുറയ്‌ക്കുമെന്ന് പറയപ്പെടുന്നു. ഇതാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണമായത്. മാത്രമല്ല, മോദി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന ധാരണ ശക്തമായതോടെ വിദേശ നിക്ഷേപകരും കൂടുതലായി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മൂന്നാം വിജയത്തോടെ മോദി സര്‍ക്കാര്‍ ഇത് വരെ തുടര്‍ന്ന നയസമീപനങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന ഒരു ഉറപ്പ് വരുന്നതും വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: