ചെന്നൈ : കോവിഡിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശ്ശന നിയന്ത്രണങ്ങളില്‍ തമിഴ്നാടും ഇളവ് വരുത്തി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റാലിന് സര്‍ക്കാര്‍ പിന്‍വലിച്ചു. തമിഴ്നാട് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1939 പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.
പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സംസ്ഥാനത്ത് പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. എന്നാല്‍ നിയമപരമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ സ്വയം നിയന്ത്രണങ്ങള്‍ ജനങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് വ്യാപ നിരക്ക് കുറയുകയും ജനസംഖ്യയില്‍ ഭൂരിപക്ഷം പേര്‍ക്കും വാക്സിനും നല്കിയ സാഹചര്യത്തിലാണ് തമിഴ്നാട് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച 23 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് തമിഴ്നാട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 18 വയസിന് മുകളിലുള്ള 92% പേര് ഇതിനകം ഒന്നാം ഡോസും 72% പേര് രണ്ടാം ഡോസും സ്വീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയതിന് പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ മാസ്കും നിര്‍ബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ, എന്നാല്‍ ജാഗ്രത തുടരണമെന്നാണ് സംസ്ഥാനം നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: