ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഗ്നിരക്ഷാസേന ദുരന്തനിവാരണ പരിശീലനം നല്‍കിയത് അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ഘടകം ആലുവയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്നിരക്ഷാസേനയിലെ അംഗങ്ങളെത്തി പരിശീലനംനല്കിയത്. എറണാകുളത്തെ റീജണല്‍ ഫയര്‍ ഓഫീസര്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ട് അപേക്ഷ നല്‍കിയത്. ഈ സംഘടനയുടെ തീവ്രവാദ സ്വഭാവം മനസ്സിലാക്കി അപേക്ഷ നിരസിക്കുകയോ ഉന്നതതലങ്ങളിലേക്ക് കൈമാറുകയോ ചെയ്യേണ്ടതിനു പകരം അനുകൂല തീരുമാനമെടുത്ത് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കൈമാറുകയും ഇതുപ്രകാരം പരിശീലനം നല്‍കുകയുമായിരുന്നു. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണം നടത്തി ചിലര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല. അവസാനിക്കാനും പാടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വ്യക്തിവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ ജോലി ചെയ്തിരുന്ന ഒരു പോലീസുകാരനെ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും ഇവരിലൊരാളാണ് ഈ പോലീസുകാരനെന്നും കരുതപ്പെടുന്നു. ഇവരുള്‍പ്പെടുന്നതാണ് ‘പച്ചവെളിച്ചം’ എന്ന വാട്സാപ്പ് ഗ്രൂപ്പെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് ഭീകരാക്രമണം നടത്തിയതിന് നിരോധിക്കപ്പെട്ട ‘സിമി’ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് പിന്നീട് എന്‍ഡിഎഫും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടുമായി മാറിയത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിമാറ്റിയതുള്‍പ്പെടെ നിരവധി ഹീനകൃത്യങ്ങള്‍ ചെയ്തിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകര സംഘടനയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ താലിബാന്, ഐഎസ്, അല്‍ഖ്വയ്ദ, പാലസ്തീന് ഭീകരസംഘടനയായ ഹമാസ് എന്നിവയുടെ ആശയങ്ങള്‍ പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍നിന്നും മറ്റും ഐഎസില്‍ ചേര്‍ന്ന പലരും പോപ്പുലര്‍ ഫ്രണ്ടിലൂടെയാണ് അവിടേക്ക് എത്തിയതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമീപകാലത്ത് ഹിജാബ് വിവാദം കുത്തിപ്പൊക്കി സമൂഹത്തില്‍ വിഭാഗീയതയും അസ്ഥിരതയും സൃഷ്ടിച്ചതില്‍ കര്‍ണാടക ഹൈക്കോടതി തന്നെ പോപ്പുലര്‍ ഫ്രണ്ടിനു നേരെ പരോക്ഷമായി വിരല്‍ചൂണ്ടിയിരുന്നു. ഇതേക്കുറിച്ച് കര്‍ണാടക പോലീസ് അന്വേഷിച്ചു വരികയാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടുന്നതിനുവേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ട് സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഇവരുടെ തനിനിറം നന്നായറിയാം. ഇതിനുനേര്‍ക്ക് ബോധപൂര്‍വം കണ്ണടച്ചുകൊണ്ടാണ് അഗ്നിരക്ഷാസേന ഈ ഭീകരവാദികളുടെ ആതിഥ്യം സ്വീകരിച്ചതും പരിശീലനം നല്കിയതും.
പോലീസിനെപ്പോലെ അഗ്നിരക്ഷാ സേനയും ആഭ്യന്തരവകുപ്പിന് കീഴിലാണ്. ഇടതുഭരണത്തിന് പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് ഇസ്ലാമിക തീവ്രവാദ സംഘടനകളോടുള്ള ചായ്വ് കുപ്രസിദ്ധമാണല്ലോ. അധികാരത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചതായാണ് സിപിഎം വിലയിരുത്തുന്നത്. ഈ പിന്തുണ നിലനിര്‍ത്തുന്നതിന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണ് പിണറായി സര്‍ക്കാര്‍. പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനംപോലീസ് സ്വീകരിക്കുന്നത് ഇതിനാലാണ്. ഇസ്രയേലില്‍ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ അനുശോചനക്കുറിപ്പ് ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുത്തിയത് ഭരണസംവിധാനത്തിനുള്ള പച്ചക്കൊടിയാണ്. പാകിസ്ഥാന് സര്‍ക്കാര്‍ അവിടുത്തെ ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്കുന്നതുപോലെയാണ് പിണറായി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നതും. രാജ്യാന്തരതലത്തില്‍ വിമര്‍ശനമുയരുമ്പോള്‍ ലഷ്ക്കറെ തൊയ്ബയെയും ഇന്ത്യന്‍ മുജാഹിദ്ദീനെയും പോലുള്ള ഭീകരസംഘടനകളുമായുള്ള ബന്ധം പാകിസ്ഥാന് നിഷേധിക്കുന്നതുപോലെയാണ് പോപ്പുലര്‍ ഫ്രണ്ടിനോടുള്ള മൃദുസമീപനം പിണറായി സര്‍ക്കാര്‍ നിഷേധിക്കുന്നതും. തന്ത്രപരമായ ഈ തള്ളിപ്പറയല്‍ ഇരുവരും തമ്മിലെ ഒത്തുകളിയുടെ ഭാഗവുമാണ്. അതുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്കിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അപര്യാപ്തമെന്നു പറയാന്‍ കാരണം. ഭരണകൂട സംരക്ഷണം ഈ ഭീകരര്‍ക്ക് തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പാണ്. അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാനിടയുള്ള ഈ ബന്ധത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: