തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ അടുത്തുതന്നെ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് അടച്ചുപൂട്ടലിന് പിന്നാലെ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാത്തതിനാല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് പോകാനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. നിരക്ക് വര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയര്‍ തിരക്ക് പ്രമാണിച്ച് സമരം പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: