ഇന്ത്യന്‍ ചലച്ചിത്രസംഗീത രംഗത്തെ അതുല്യ പ്രതിഭകളായ സലില്‍ ചൗധരിയും മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മയും സംഗമിച്ചപ്പോഴൊക്കെ അദ്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1965 ലെ ചെമ്മീന്‍ മുതല്‍ 1975 രാസലീല വരെയുള്ള ചിത്രങ്ങളില്‍ നിന്ന് ഒട്ടേറെ ക്ലാസിക്കുകളായ ഗാനങ്ങള്‍ ഇവരുടെ സൃഷ്ടിയില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. മനയ്‌ക്കലെ തത്തേ…, നീയും വിധവയോ…, ഓ ആയില്യം പാടത്തെ പെണ്ണേ…, നിശാ സുരഭികള്‍ വസന്തസേനകള്‍…. എന്നീ ഹിറ്റുകളാണ് ഈ ജോഡികള്‍ ഒടുവില്‍ ചെയ്ത ഗാനങ്ങള്‍. ഇവരുടെ മക്കളായ സന്‍ജോയ് ചൗധരിയും വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും ഒന്നിക്കുകയാണ് ഉത്തമി എന്ന മലയാള ചിത്രത്തിലൂടെ. ശരത്ചന്ദ്ര വര്‍മ്മ കൂടാതെ ഉണ്ണികൃഷ്ണന്‍ മീറ്റ്നയാണ് മറ്റൊരു ഗാനരചയിതാവ്. രവി ജെ. മേനോന്‍ ആണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗായത്രി അശോകന്‍, എസ്. പ്രിയങ്ക, രാജു എന്നിവര്‍ക്കു പുറമെ മാതംഗി അജിത്കുമാര്‍ എന്ന യുവഗായിക കൂടി ഈ ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നു. ഇങ്ങനെ ഒരു നിലാപക്ഷി, രാസലീല (രണ്ടാം ഭാഗം-2012), എന്ന് സ്വന്തം ജാനകിക്കുട്ടി (പശ്ചാത്തല സംഗീതം) എന്നിവയാണ് സന്‍ജോയ് ചൗധരി സംഗീതം ചെയ്ത മുന്‍ മലയാള ചിത്രങ്ങള്‍.
ജീവിതത്തിലെ ഒട്ടേറെ കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയവളാണ് കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലെ നാടോടി സ്ത്രീയായ ഉത്തമി. ഉത്തമിയുടെ മകള്‍ പവിത്രയുടെ കഥയാണ് ഈ സ്ത്രീപക്ഷ സിനിമയുടെ ഇതിവൃത്തം. സ്ത്രീകളുടെ വിദ്യാഭ്യാസപരവും സംഘടിത മനോഭാവത്തോടുകൂടിയുമുള്ള മുന്നേറ്റം സ്ത്രീ ശാക്തീകരണത്തിന് പങ്കുവഹിക്കുന്നു എന്ന സന്ദേശമാണ് ഈ സിനിമക്ക് നല്‍കാനുള്ളത്. കളരിപ്പയറ്റിന്റെ കരുത്തും വിദ്യാഭ്യാസത്തിലൂടെയുള്ള ഉയര്‍ച്ചയും പവിത്രക്ക് ജീവിക്കാനുള്ള ശക്തി പകരുന്നു.
നായിക കഥാപാത്രമായി വേഷമിടുന്നത് ഗായത്രി സുരേഷ് ആണ്. ഉടന്‍ തന്നെ റിലീസ് ആകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് എസ്.പി. സുരേഷ്‌കുമാറും നിര്‍മ്മാണം സെന്‍താമര സെല്‍വിയുമാണ്.
















