കൊച്ചി: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍, ദേശീയ പതാകയുടെ കാവി നിറം താഴേക്ക് അഭിമുഖമായി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. മുഹമ്മദ് കാസിം എന്നയാള്‍ ദേശീയ പതാക താഴേക്ക് അഭിമുഖമായി പിടിച്ചിരിക്കുന്നതായുള്ള ഫോട്ടോയെ തുടര്‍ന്ന് എടുത്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദീന്‍ ഈ നിരീക്ഷണം നടത്തിയത്.
1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ നിയമത്തിലെ (ആക്ട്) സെക്ഷന്‍ 2 പ്രകാരമുള്ള കുറ്റകൃത്യം ചുമത്തുന്നത് പതാകയെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം ദേശീയ പതാകയിലെ കാവി നിറം താഴേക്ക് പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമേ ആകാവൂ എന്ന് കോടതി പറഞ്ഞു.
2022 ആഗസ്റ്റില്‍ ഹര്‍ ഘര്‍ തിരംഗ പരിപാടിക്കിടെ ദേശീയ പതാക തലകീഴായി പിടിച്ചിരിക്കുന്ന കാസിമിന്റെ ഫോട്ടോ ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചതിനെ തുടര്‍ന്ന് കവരത്തി പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.











