തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനുനയ നീക്കങ്ങള്‍ തള്ളിയും നിലപാട് കടുപ്പിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്നലെ രാവിലെ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം താന്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.
കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചതോടെ വെള്ളിയാഴ്ച രാത്രി വൈകി ചീഫ് സെക്രട്ടറിയും ധനമന്ത്രിയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. എന്നു മാത്രമല്ല, നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ സര്‍ക്കാരിനെതിരേ പരസ്യമായി ആഞ്ഞടിച്ചത്.
തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച അദ്ദേഹം ഇനി ഉടന്‍ കേരളത്തിലേക്കില്ലെന്ന സൂചനയാണ് നല്കിയതും. സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടി ഗവര്‍ണര്‍ റദ്ദാക്കി. ഒമ്പതാം തീയതിയിലെ പരിപാടിയില്‍നിന്നാണ് ഗവര്‍ണര്‍ വിട്ടുനിന്നത്. സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അന്നുതന്നെ ദല്‍ഹിക്കു പോകാനായിരുന്നു ഗവര്‍ണറുടെ നേരത്തേയുള്ള തീരുമാനം. എന്നാല്‍, പ്രതിഷേധ സൂചകമായി സര്‍ക്കാരിനു കത്ത് നല്കാന് ഏഴിനു തീരുമാനിച്ചു. സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നും അന്നുരാത്രി തന്നെ നിശ്ചയിച്ചു. തുടര്‍ന്ന്, എട്ടിന് സര്‍ക്കാരിനു കത്തു നല്കി.
വെള്ളിയാഴ്ച ചീഫ് സെക്രട്ടറി വി.പി. ജോയിയും ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം അനുനയ നീക്കത്തിനായി രാജ്ഭവനിലെത്തി. കണ്ണൂര്‍ സര്‍വകലാശാലാ വിഷയത്തില്‍ യുജിസി റഗുലേഷന് ഉയര്‍ത്തിപ്പിടിച്ച് ന്യായീകരിച്ച സര്‍ക്കാര്‍ പ്രതിനിധി, ശ്രീശങ്കര സര്‍വകലാശാലയില്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യമെന്ന് വാദിച്ചു. രണ്ട് സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രതിരോധം തീര്‍ത്തതോടെ ഇരുകൂട്ടര്‍ക്കും കൂടുതലൊന്നും പറയാനായില്ല. ഗവര്‍ണറുടെ മിക്ക ചോദ്യങ്ങള്‍ക്കും ചീഫ് സെക്രട്ടറിക്ക് ഉത്തരമുണ്ടായിരുന്നില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം ദല്‍ഹിക്കു പോയ ഗവര്‍ണര്‍ ഇനി 17നേ മടങ്ങിയെത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: