പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാവുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ. നാല് ദിവസത്തിനിടെ മരിച്ചത് നാല് കുട്ടികള്‍. വനവാസി ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പു വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിനാലാണ് പദ്ധതി മുടങ്ങിയത്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരത്തിന് 2000 രൂപ വീതം നല്‍കുന്നതാണ് ജനനി ജന്മരക്ഷ പദ്ധതി. ഫണ്ട് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ തുക വിതരണം ചെയ്തു തുടങ്ങിയെന്ന് പ്രോജക്ട് ഓഫീസര്‍ പറയുന്നു.
ഇന്നലെ രണ്ട് കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്. വീട്ടിയൂര് വനവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ മരിച്ചു. അഗളി കതിരമ്പതി ഊരില്‍ രമ്യ- അയ്യപ്പന് ദമ്പതികളുടെ 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് അഗളിയിലെ വിവേകാനന്ദ മെഡിക്കല്‍ മിഷനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടയിലും മരിച്ചു. ജന്മനാ ഹൃദ്രോഗത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു ഈ കുട്ടി.
മൂന്നു ദിവസം മുമ്പ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വനവാസി ഗര്‍ഭിണികള്‍ക്ക് കൃത്യമായ പോഷകാഹാരം ലഭിക്കാത്തതും ചികിത്സാ സൗകര്യത്തിന്റെ അഭാവവും ഊരുകളിലെ ജീവിതം ദുരിതത്തിലാക്കി. ഗതാഗതം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് കുറഞ്ഞെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും ഈ വര്‍ഷം ഇതുവരെ മരിച്ചത് 11 കുട്ടികള്‍. പോഷകാഹാരക്കുറവാണ് കാരണമെങ്കിലും മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി മരിച്ചു, തുടങ്ങിയ പതിവു രേഖപ്പെടുത്തലുകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: