ന്യൂദല്‍ഹി: ഈ വര്‍ഷം രാജ്യത്തെ കായിക-വിനോദ മേഖലകളില്‍ മികവ് തെളിയിച്ച 100 പ്രമുഖരെ ഉള്‍പ്പെടുത്തി ഫോബ്സ് മാസിക തയാറാക്കിയ പട്ടികയില്‍ ഒന്നാമനായി വിരാട്ട് കോഹ്‌ലി. 2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സപ്തംബര്‍ 30 വരെ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുള്ള പ്രശസ്തിയും വരുമാനവുവും കണക്കിലെടുത്താണ് സ്ഥാന നിര്‍ണയം നടത്തിയത്.
252.72 കോടി രൂപയുടെ വരുമാനമാണ് കോഹ്ലിയെ ഫോബ്സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. മറ്റ് ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി അഞ്ചാം സ്ഥാനത്തും (135.93 കോടി രൂപ), ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 76.96 കോടി രൂപ സമ്പാദിച്ച് ഒമ്പതാം സ്ഥാനത്തുമാണുള്ളത്. 293.25 കോടി രൂപയാണ് വരുമാനമെങ്കിലും അക്ഷയ് കുമാര്‍ പട്ടികയില്‍ രണ്ടാമതാണ്. 2016 മുതല്‍ പട്ടികയില്‍ ഒന്നാമതായിരുന്ന സല്‍മാന്‍ ഖാന്‍ ഇക്കൊല്ലം മൂന്നാമതായി.
ഇവര്‍ക്ക് പുറമെ ആദ്യ പത്തു സ്ഥാനങ്ങളില്‍ അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ, ആലിയ ഭട്ട, ദീപിക പദുക്കോണ്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം 49ാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചോപ്ര ഇത്തവണ പതിനാലാം സ്ഥാനത്താണ്. കോഹ്ലിയുടെ ഭാര്യയും സിനിമാതാരവുമായ അനുഷ്‌ക ശര്‍മ 21-ാം സ്ഥാനത്തുണ്ട്.
കേരളത്തില്‍ നിന്നുള്ള താര പ്രമുഖരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 64.5 കോടി രൂപയുടെ വരുമാനവുമായി മോഹന്‍ലാല്‍ 27-ാം സ്ഥാനത്തും 33.5 കോടി രൂപയുമായി മമ്മൂട്ടി 62-ാം സ്ഥാനത്തുമുണ്ട്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് രജനീകാന്ത(13), എ.ആര്‍. റഹ്മാന്‍(16), ധനുഷ്, വിജയ്, കമല്‍ഹാസന്‍, പ്രഭാസ്, സംവിധായകന്‍ ഷങ്കര്‍, മഹേഷ് ബാബു, സൈന നേവാള്‍, പി.വി. സിന്ധു എന്നിവരും പട്ടികയലുണ്ട്.
















