സംഗ്രൂര്‍: അറുപത്തിയഞ്ചാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം കേരളത്തിന് നിരാശ. ഇന്നലെ നടന്ന നാല് ഫൈനലുകളില്‍ ഒരു വെങ്കലം മാത്രമാണ് കേരളത്തിന് നേടാനായത്. പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് വെങ്കലം. 1.63 മീറ്റര്‍ ചാടി മീര ഷിബുവാണ് കേരളത്തിന്റെ ആശ്വാസ മെഡല്‍ സ്വന്തമാക്കിയത്. സംസ്ഥാന കായികോത്സവത്തില്‍ 1.68 മീറ്റര്‍ ചാടി സ്വര്‍ണം നേടിയ മീര ഷിബു ഇന്നലെയും ആ പ്രകടനം നടത്തിയിരുന്നെങ്കില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞേനേ. ഇന്നലെ സ്വര്‍ണം നേടിയ മഹാരാഷ്‌ട്രയുടെ ശ്രുതി കാംബ്ലെ 1.66 മീറ്ററാണ് ചാടിയത്.
മെഡല്‍ പ്രതീക്ഷിച്ചിരുന്ന ആണ്‍-പെണ്‍ മൂവായിരം മീറ്ററില്‍ കേരളത്തിന് കനത്ത തിരിച്ചടി നേരിട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിഷ്ണു ബിജു നാലാം സ്ഥാനത്തായപ്പോള്‍ പെണ്‍കുട്ടികളില്‍ ഉറച്ച പ്രതീക്ഷയായിരുന്ന സി. ചാന്ദ്‌നി ഇരുപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കെസിയ മറിയം ബെന്നിയും ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ടി.ജെ. ജോസഫ്, പി.എന്‍. മെഹ്ഫില്‍ ജാസിം, 100 മീറ്ററില്‍ സൂര്യജിത്. ആര്‍.കെ, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഹരിശങ്കര്‍. ആര്‍, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഗൗരി നന്ദന, സാന്ദ്ര. എ.എസ്, 100 മീറ്ററില്‍ ആന്‍സി സോജന്‍ എന്നിവര്‍ ഫൈനലില്‍ കടന്നതാണ് കേരളത്തിന് ആശ്വാസമായത്.
ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റുമായി ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്ത്. 13 പോയിന്റ് വീതം നേടിയ മധ്യപ്രദേശും മഹാരാഷ്‌ട്രയും രണ്ടാം സ്ഥാനത്തും 9 പോയിന്റുമായി രാജസ്ഥാനും കേരളവും നാലാം സ്ഥാനത്തും നില്‍ക്കുന്നു.
ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്ന് ഒന്‍പത് ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗമേറിയ താരങ്ങളെയും ഇന്നറിയാം. 400 മീറ്റര്‍ ഫൈനലും ഇന്ന് നടക്കും.
















