ന്യൂദല്‍ഹി: മഴ വില്ലനായി എത്തി ക്രിക്കറ്റ് മത്സരങ്ങള്‍ മുടക്കുന്നത് സാധാരണമാണ്. എന്നാല്‍ വിജയവാഡയിലെ ഡോ. ഗോകരാജു ലിയാല ഗംഗരാജു എസിഎ ഗ്രൗണ്ടില്‍ അനുവാദമില്ലാതെ കളി കാണാനിറങ്ങിയ അതിഥിയാണ് ആന്ധ്ര-വിദര്‍ഭ രഞ്ജി മത്സരം തുടങ്ങാന്‍ വൈകിപ്പിച്ചത്.
ബിസിസിഐ ഡൊമസ്റ്റിക് ട്വീറ്ററിലൂടെ ഈ വില്ലന്റെ വീഡിയോ പങ്കിവയ്‌ക്കുകയും ചെയ്തു. വീഡിയോ കണ്ടവരെല്ലാം ഞെട്ടി. മത്സരത്തെയും കളിക്കാരേയും ഒരു പോലെ വിശമത്തിലാക്കിയ, ഈ കാലഘട്ടത്തില്‍ എവിടെയും വില്ലനായിക്കൊണ്ടിരിക്കുന്ന ആ അതിഥി വേറാരുമല്ല, ഒരു പാമ്പ്!
വീഡിയോ വൈറലായതോടെ പലരും രസകരമായ കമന്റുകളും പോസ്റ്റ് ചെയ്തു കഴിഞ്ഞു. പാമ്പിനൊടപ്പമുള്ള ചായ സമയം എന്നായിരുന്നു ഒരാളുടെ കമന്റ്. അവന്‍ സര്‍വ്വവ്യാപിയെന്നായിരുന്നു പാമ്പിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള മറ്റൊരാളുടെ പ്രതികരണം. ചിലര്‍ കളിക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയും ചിലര്‍ പങ്കുവയ്‌ക്കുന്നുണ്ട്.
















