ന്യൂദല്‍ഹി : അയോധ്യ ഭൂമി കേസില്‍ ജം ഇയ്യത്തുള്‍ ഉലുമ എ ഹിന്ദിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്ന മുതിര്‍ന്ന അഭിഭാഷകനെ മാറ്റി. മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാനെയാണ് മാറ്റിയത്. സുപ്രീംകോടതി ഭരണഘടനാ വിധിക്കെതിരെ ജം ഇയ്യത്തുള്‍ ഉലുമ എ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ധവാനെ മാറ്റിയത്.
രാജീവ് ധവാന് തന്നെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അയോധ്യ കേസിലെ വിധി പ്രസ്താവന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദി തിങ്കളാഴ്ച ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധി നീതിപൂര്‍വ്വമുള്ളതായിരുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിയെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
ബാബറി മസ്ജിദ് പള്ളി പൊളിച്ച നടപടി തെറ്റാണെന്ന് കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നല്‍കുന്നത് പോലെയാണ് അയോധ്യ വിധി എന്നും ഹര്‍ജിയിലുണ്ട്. അയോധ്യ കേസില്‍ തുടക്കത്തില്‍ ഹര്‍ജി നല്‍കിയത് എം. സിദ്ദിഖി ആയിരുന്നു. അദ്ദേഹത്തിന്റെ പരമ്പരാഗത അവകാശിയാണ് ഇപ്പോഴത്തെ ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് പ്രസിഡന്റ് മൗലാന സയിദ് അസദ് റാഷിദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: