ന്യൂദല്‍ഹി: കണ്ണൂരിലെ അഴീക്കലില്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനാവാത്തതിന് കാരണം പിണറായി സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടെന്ന് വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍.
പദ്ധതിക്കായി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത് ചതുപ്പ് നിലമാണ്. ചതുപ്പ് നിലമായതിനാല്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. നാലുവര്‍ഷമായി പകരം സ്ഥലം കേന്ദ്രം ആവശ്യപ്പെടുകയാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പകരം സ്ഥലം കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
കോസ്റ്റല്‍ അക്കാദമി വിഷയം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെ കണ്ടിരുന്നു. പകരം സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ അക്കാദമി അഴീക്കലില്‍ത്തന്നെ നിലനിര്‍ത്താനുള്ള നടപടി ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയെ അറിച്ചു. എന്നാല്‍, കേന്ദ്രത്തിന്റെ നിര്‍ദേശത്തോട് നിഷേധാത്മക നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. പകരം സ്ഥലം ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തിന് നഷ്ടമാകുമായിരുന്നില്ല. 2011ല്‍ കേരളം ഏറ്റെടുത്ത് നല്‍കിയ സ്ഥലത്ത് അന്‍പത് കോടി രൂപ മുടക്കി കേന്ദ്ര സര്‍ക്കാര്‍ ചുറ്റുമതില്‍ പണിഞ്ഞിരുന്നു. ഈ പണം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും കേന്ദ്രത്തിന് തിരിച്ച് നല്‍കിയിട്ടില്ല.
2009ല്‍ എ.കെ. ആന്റണി പ്രതിരോധ മന്ത്രി ആയിരുന്ന കാലത്താണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി അനുവദിച്ചത്. 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ ചതുപ്പ് സ്ഥലം ഏറ്റെടുത്ത് നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി പകരം സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലമെന്നും വി. മുരളീധരന്‍ പ്രസ്താവിച്ചു.
എട്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇനി പ്രതീക്ഷിക്കേണ്ടെന്ന സന്ദേശം പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ അറിയിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് എളമരം കരീം എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.
















