കണ്ണൂർ: കോഴിക്കോടിന്റെ സ്വര്‍ണത്തിലകമായി പ്രതിഭാ വര്‍ഗീസ്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ പ്രതിഭ മേളയിലെ രണ്ടാം സ്വര്‍ണവും കൈപ്പിടിയിലാക്കി. നേരത്തെ 400 മീറ്റര്‍ ഓട്ടത്തിലും പ്രതിഭ സ്വര്‍ണം നേടിയിരുന്നു.
1:05.04 മിനിറ്റിലായിരുന്നു പ്രതിഭയുടെ റെക്കോഡ് നേട്ടം. വയനാട് പുല്‍പ്പള്ളില്‍ തേനിക്കുന്നേല്‍ സ്വദേശിയായ താരം മൂന്നു വര്‍ഷമായി ഉഷാ സ്‌കൂളില്‍ പരിശീലനത്തിലാണ്. ടി.കെ. വര്‍ഗീസിന്റെയും ഷൈല വര്‍ഗീസിന്റെയും മകളായ പ്രതിഭ കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ നാലാം സ്ഥാനത്തായിരുന്നു.
ഉഷാ സ്‌കൂളാണ് തന്നെ വളര്‍ത്തിയതെന്നും ഉഷ ടീച്ചറുടെ പരിശ്രമത്തിന്റെ കൂടി ഫലമാണ് സ്വര്‍ണ മെഡലുകളെന്നും പ്രതിഭ പറഞ്ഞു. ബാലുശേരി ജിജിഎച്ച്എസ്എസ് വിദ്യാര്‍ഥിയാണ് വയനാടുകാരിയായ ഈ കുട്ടിതാരം.
















