റാഞ്ചി: ബാറ്റിങ്ങിനിടെ ക്രീസില്‍ ബാറ്റുകുത്താതെ പിച്ച് പരിശോധിക്കാനിറങ്ങി ബാറ്റ്‌സ്മാന്‍ പുറത്തായ അപൂര്‍വ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ദേശീയ ടീമില്‍പോലും കളിച്ചിട്ടുള്ള താരത്തിന്റെ പിഴവ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എ ടീമിന്റെ താരമായ ജയ്‌ദേവ് ഉനദ്കടിനാണ് ബാറ്റിങ്ങിനിടെ ഇത്തരമൊരു അബദ്ധം പറ്റിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. പന്ത് പ്രതിരോധിച്ച ശേഷം പിച്ച് പരിശോധിക്കുന്നതില്‍ തിടുക്കം കാട്ടിയതാണ് ദേശീയ ടീമില്‍ പോലും കളിച്ചിട്ടുള്ള താരത്തിനു വിനയായത്.
രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷഹബാസ് നദീമിന്റെ ബോളിലായിരുന്നു ജയ്‌ദേവ് റണ്ണൗട്ടായത്. ഉയര്‍ന്ന വിജയലക്ഷ്യത്തിനു മുന്നില്‍ പതറിയ എ ടീം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ഉനദ്കടിന്റെ അശ്രദ്ധ ടീമിനു വിനയായത്. ആദ്യം ബാറ്റു ചെയ്ത ബി ടീം നിശ്ചിത 50 ഓവറില്‍ 302 റണ്‍സ് സ്‌കോര്‍ ചെയ്തു. പന്തി നേരിട്ട ശേഷം താരം അശ്രദ്ധയോടെ നില്‍ക്കുന്നതുകണ്ട് ഇന്ത്യന്‍ താരം കൂടിയായ കേദാര്‍ ജാദവ് പന്ത് ഉടനടി വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് എറിഞ്ഞുനല്‍കുകയായിരുന്നു. പാര്‍ഥിവ് ഉടന്‍ സ്റ്റംപിളക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 194 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 108 റണ്‍സിനായിരുന്നു എ ടീം മത്സരം തോറ്റത്.
















