ബുദ്ധാ ജിനേന്ദ്രാ ഗോരക്ഷഃ പാണിനിശ്ചപതഞ്ജലിഃ
ശങ്കരോ മധ്വനിമ്പാര്‍കൗ ശ്രീരാമാനുജവല്ലഭൗ
പ്രസിദ്ധ വയ്യാകരണനും, ആയുര്‍വേദ ആചാര്യനും യോഗദര്‍ശനാചാര്യനുമായ പതഞ്ജലി വാണിയുടെ ശുദ്ധിക്കായി വ്യാകരണ ശാസ്ത്രവും ശരീര ശുദ്ധിക്കായി ആയുര്‍വേദവും ചിത്തശുദ്ധക്കായി യോഗശാസ്ത്രവും രചിച്ചു. ഗോനര്‍ദ പ്രദേശത്ത് ജനിച്ച ഇദ്ദേഹം പാണിനിയുടെ അഷ്ടാധ്യായിക്ക് ഉത്തമ ഭാഷ്യവും യോഗദര്‍ശനം പ്രതിപാദിക്കുന്നതിനായി യോഗസൂത്രവും രചിച്ചു. രാജയോഗത്തിന്റെ സമ്പൂര്‍ണ പദ്ധതിയും അതിന്റെ പരിണാമവും സിദ്ധാന്തങ്ങളും ചേര്‍ത്ത് 194 സൂത്രങ്ങളിലായി സംഗ്രഹിച്ചിട്ടുണ്ട്. യോഗസൂത്രങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെ യോഗസാധനയെ സംബന്ധിച്ച തത്വങ്ങള്‍, യൗഗികസിദ്ധികള്‍, യോഗത്തിന്റെ അന്തിമ അവസ്ഥയായ സമാധി, യോഗവിദ്യാദര്‍ശനം എന്നിങ്ങനെ നാലായി തിരിച്ചിക്കുന്നു. പതഞ്ജലിയുടെ അഭിപ്രായത്തില്‍ മനോവികാരങ്ങളുടെ സംയമനമാണ് യോഗം. മനോവൃത്തികളുടെ സംയമനം വഴിയല്ലാതെ മനുഷ്യന് കൈവല്യം ലഭിക്കുകയില്ല. ഈ കൈവല്യ പ്രാപ്തിക്കുള്ള മാര്‍ഗമാണ് അഷ്ടാംഗയോഗങ്ങള്‍. യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണാ, ധ്യാന, സമാധി എന്നിവ. വൈദിക സംസ്‌ക്കാരത്തിന്റെ രക്ഷകനായ പുഷ്യമിത്രശുംഗ മഹാരാജാവിന്റെ കുലഗുരുവായിരുന്നു പതഞ്ജലി. അദ്ദേഹത്തിന്റെ മഹാഭാഷ്യം സംസ്‌കൃത വ്യാകരണത്തിലെ ഏറ്റവും ഉത്കൃഷ്ടഗ്രന്ഥമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















