പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം. പൂനെയിൽ നടന്ന മത്സരത്തിൽ ഇന്നിങ്സിനു 137 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോർ ഇന്ത്യന് 601/5. ദക്ഷിണാഫ്രിക്ക 275/10, 189/10. ഒരുദിനം ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഉമേഷ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഉമേഷ് ടെസ്റ്റിൽ ഒന്നാകെ ആറ് വിക്കറ്റ് വീഴ്‌ത്തി. ഇരട്ട സെഞ്വറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയാണ് കളിയിലെ കേമൻ.
മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ 275ന് പുറത്താക്കിയ ഇന്ത്യ അവരെ ഫോളോഓൺ ചെയ്യിപ്പിക്കുകയായിരുന്നു.
48 റൺസെടുത്ത ഡീൻ എൽഗാറും 37 റൺസെടുത്ത വെറോൺ ഫിലാൻഡറും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്‌ക്കുവേണ്ടി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതമെടുത്തു. ആർ അശ്വിൻ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നായകൻ വിരാട് കോഹ്ലിയുടെ(പുറത്താകാതെ 254) ഇരട്ടസെഞ്ച്വറിയും മായങ്ക് അഗർവാളിൻറെ(108) സെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് ആദ്യ ഇന്നിംഗ്‌സിൽ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 91 റൺസെടുത്തു. നാലു വിക്കറ്റെടുത്ത അശ്വിനും മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവും ചേർന്ന് ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്‌സിൽ 275 റൺസിൽ ഒതുക്കി. ഇതോടെയാണ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചത്.
വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെ മത്സരം ഒക്ടോബർ 19 മുതൽ 23 വരെ റാഞ്ചിയിൽ നടക്കും.
















