രാമായണ സാഹിത്യം സമ്പൂര്‍ണമായി ചൈനയില്‍ നിലവിലില്ലെങ്കിലും ആദികാവ്യ കഥകളുമായി ചൈനക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. ചുരുങ്ങിയത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ബുദ്ധമതത്തിലൂടെയാണ് രാമായണ കഥകള്‍ ചൈനയില്‍ എത്തിയത്.
ചൈനീസ് സംസ്‌കാരത്തിലും സാഹിത്യത്തിലും കലയിലും രാമായണേതിഹാസം വലിയ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ഡന്‍ഹുവാങ് ഗുഹകളില്‍ കാണപ്പെടുന്ന ലിഖിതങ്ങളില്‍ രാമായണ കഥാ സന്ദര്‍ഭങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജാതക കഥകളുടെ ആഖ്യാനത്തിലൂടെയാണ് ഇവ ചൈനയിലെ പൂര്‍വിക ജനത രേഖപ്പെടുത്തിയിട്ടതെന്നു കരുതണം. ചൈന രാമനെ അവതാരമൂര്‍ത്തിയായല്ല, ധാര്‍മ്മിക ഭരണാധികാരിയായാണ് സ്വീകരിച്ചത്.
ചൈനീസ് ബുദ്ധമത ഗ്രന്ഥങ്ങളായ ‘ലിയു-തു-ജി-ജിങ്’ (Liu-du-ji-jing) പോലുള്ള സമാഹാരങ്ങളില്‍ ജാതക കഥകളുടെ രൂപത്തില്‍ രാമായണ കഥകള്‍ ഉള്‍പ്പെടുന്നുണ്ട്. പ്രശസ്ത ചൈനീസ് നോവലായ ‘ജേര്‍ണി ടു ദി വെസ്റ്റ്’ (Journey to the West) -ല്‍ സണ്‍ വുകോങ് എന്ന കുരങ്ങ് ദൈവം കഥാപാത്രമാണ്. ചൈനീസ് സാഹിത്യ നിരൂപകനായ ജി സിയാന്‍ ലിന്‍ പറയുന്നത് ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നോവലില്‍ ഉള്‍പ്പെടുത്തിയതാണ് ഈ കഥാപാത്രമെന്നാണ്. വാല്മീകി രാമായണത്തിന്റെ വിവിധ പതിപ്പുകളും ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇവയ്‌ക്കു പുറമേ രാമായണ കഥാസന്ദര്‍ഭങ്ങളെ ആസ്പദമാക്കി നിരവധി നൃത്താവിഷ്‌കാരങ്ങളും അരങ്ങേറാറുണ്ട്. ചൈനീസ് ഭരതനാട്യ കലാകാരിയായ ജിന്‍ ചാന്‍ചാന്‍, സെസ്സീക്ക വു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ആദി കാവ്യ’ എന്ന നൃത്തനാടകം ഒരു സമീപകാല ഉദാഹരണം.
















