മോസ്‌ക്കോ: വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇന്ത്യയുടെ മേരി കോമിന് സ്വന്തമായി. 51- കിലോഗ്രാം വിഭാഗത്തിന്റെ സെമിഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചതോടെയാണ് ആറു തവണ ലോക ചാമ്പ്യനായ മേരിക്ക് റെക്കോഡ് സ്വന്തമായത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ എട്ടാം മെഡലാണിത്.
മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളമ്പിയയുടെ വലന്‍സിയ വിക്ടോറിയയെ 5-0 ന് തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. നാളെ നടക്കുന്ന സെമിയില്‍ രണ്ടാം സീഡായ ടര്‍ക്ക് ബുസെന്‍സായെ നേരിടും. നിലവിലെ യൂറോപ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബുസെന്‍സാ ചൈനയുടെ കായ് സോണ്‍ജൂവിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. സെമിയില്‍ ജയിച്ചാല്‍ മേരിക്ക് സ്വര്‍ണമെഡലിനായി പൊരുതാം. തോറ്റാല്‍ വെങ്കലം ലഭിക്കും.
48 കിലോഗ്രാം വിഭാഗത്തിന്റെ സെമിയിലെത്തിയ ഇന്ത്യയുടെ മഞ്ജു റാണിക്കും മെഡല്‍ ഉറപ്പായി. ഒന്നാം സീഡായ ഉത്തര കൊറിയയുടെ കിം യാങ് മിയെ തോല്‍പ്പിച്ചാണ് മഞ്ജു റാണി സെമിയിലെത്തിയത്.
സെമിയിലെത്തിയതില്‍ സന്തോഷം. രാജ്യത്തിനായി ഉയര്‍ന്ന മെഡല്‍ തന്നെ നേടാന്‍ ശ്രമിക്കും. മികച്ച പ്രകടനം കാഴ്ചവച്ച് സ്വര്‍ണം നേടാമെന്നാണ് പ്രതീക്ഷയെന്ന് മേരി കോം ട്വിറ്ററില്‍ കുറിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. 51 കിലോ ഗ്രാം വിഭാഗത്തില്‍ ഇതാദ്യമായാണ് മേരി മെഡല്‍ ഉറപ്പാക്കിയത്. ഇതിന് പുറമെ 2012 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി.
ഈ വര്‍ഷം ഗുവാഹത്തിയിലെ ഇന്ത്യ ഓപ്പണിലും ഇന്തോനേഷയിലെ പ്രസിഡന്റ്‌സ് കപ്പിലും സ്വര്‍ണമണിഞ്ഞു. നിലവില്‍ മേരി കോം രാജ്യസഭാംഗമാണ്.
ഇന്ത്യയുടെ ജമുന ബോറോയും മെഡല്‍ ഉറപ്പാക്കി. 54 കിലോഗ്രാം വിഭാഗത്തില്‍ നാലാം സീഡായ യൂലിയയെ 4-1 ന് തോല്‍പ്പിച്ച് ജമുന സെമിയിലെത്തി.
ഇന്ത്യയുടെ ലോവ്‌ലിനയ്‌ക്കും മെഡല്‍ ഉറപ്പായി. 69 കിലോഗ്രം വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിന്റെ കരോലിനയെ 4-1 ന് തോല്‍പ്പിച്ച് ലോവ്‌ലിന സെമിയിലെത്തി. ഇതോടെ ഇന്ത്യക്ക് നാലു മെഡലുകള്‍ ഉറപ്പായി.
















