കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസില്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും കസ്റ്റഡിയില്‍ വിട്ടു. 11 ദിവസത്തേയ്‌ക്ക് പോലീസ് കസ്റ്റഡിയില്‍ വിടണം എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് ദിവസക്കേയ്‌ക്കാണ് താമരശ്ശേരി കോടതി കസ്റ്റഡിയില്‍ വിട്ടത്.
ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി.പ്രജുകുമാര്‍ എന്നിവരെയാണ് കോടതി ഒക്ടോബര്‍ 16 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബി.എ ആളൂരിന്റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്‍ പോകാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോള്‍ പ്രജു കുമാറും, ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തില്‍ തലയാട്ടുകയായിരുന്നു.
പ്രതികളെ എത്തിക്കുന്ന വാര്‍ത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ജോളിയെ കസ്റ്റഡിയില്‍ കിട്ടിയതോടെ കേസന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പോലീസിന്റെ ശ്രമം. 35 പേരുള്ള സംഘമായി ഡിജിപി അന്വേഷണ സംഘത്തെ വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേര്‍ക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ജോളിയും പ്രജുകുമാറും ജില്ലാ ജയിലിലും മാത്യു തൊട്ടടുത്തുള്ള സബ് ജയിലിലുമായിരുന്നു.
അതിനിടെ ജോളിയോ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയിയോ ഓര്‍മ്മയില്ലെന്ന് കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. റോയ് എന്നയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനാല്‍ തന്നെ അങ്ങനെയൊരാള്‍ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ല. അതേസമയം ഭസ്മം കഴിക്കാനായി താന്‍ ആര്‍ക്കും നല്‍കാറില്ല. ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്. അതല്ലാതെ കഴിക്കാനായി താന്‍ ഒന്നും നിര്‍ദേശിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവിലാണെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകളിലായതിനാലാണ് കഴിഞ്ഞദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കും ഇതുവരെ പോലീസോ ക്രൈംബ്രാഞ്ചോ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
















