മുംബൈ:ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി. ലോകകപ്പിനു ശേഷം താന്‍ ധോണിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ധോണിയുടെ വിരമിക്കല്‍ കാര്യത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ധോണി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനു ശേഷം ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് പല പ്രമുഖരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ടീം പരിശീലകന്‍ രവി ശാസ്ത്രി ആദ്യമായാണ് ധോണിയുടെ കാര്യത്തില്‍ ഇടപെടുന്നത്. ടീമിലേയ്‌ക്ക് തിരിച്ചുവരണമോ വിരമിക്കണമോ എന്ന കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നാണ് രവി ശാസ്ത്രിയും പറയുന്നത്. ലോകകപ്പിനു ശേഷം അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിനുശേഷം ധോണി കളിച്ചിട്ടുണ്ടോ എന്നും അറിയില്ല. ആദ്യം അദ്ദേഹം കളി പുനരാരംഭിക്കട്ടെ എന്നിട്ടു നോക്കാം കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം അക്കാര്യം സെലക്ടര്‍മാരെ അറിയിക്കണം- രവിശാസ്ത്രി വ്യക്തമാക്കി.
ഇനി വിരമിക്കണമെങ്കില്‍ തന്നെ അദ്ദേഹത്തിനു തലയുയര്‍ത്തിപ്പിടിച്ച് പടിയിറങ്ങാമെന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പിനുശേഷം വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്മാറിയ ധോണി രണ്ടുമാസത്തെ സൈനിക സേവനത്തിനു പോയിരുന്നു. ഇതിനു ശേഷവും ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്ന അദ്ദേഹം നവംബര്‍ മാസത്തോടെ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ധോണി തന്നെ ഇടപെടാതെ അഭ്യൂഹങ്ങള്‍ക്ക് അവസാനമുണ്ടാകില്ല.
















