കണ്ണൂര്‍: സംസ്ഥാനത്ത് പത്ത് പുതിയ ജയിലുകള്‍ നിര്‍മിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇപ്പോള്‍ ജയിലുകളില്ലാത്ത കാസര്‍കോട്, വയനാട് ജില്ലകളില്‍ ജില്ലാ ജയിലുകള്‍ നിര്‍മിക്കും. വയനാട്ടില്‍ സ്ഥലം കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗില്‍ അടുത്ത ദിവസം സ്ഥലം പരിശോധിക്കും. വടകരയിലും ഉടന്‍ ജയില്‍ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ യാതൊരുവിധത്തിലും നിഷേധിക്കരുത്. മതിയായ അന്വേഷണത്തിനു ശേഷമാണ് പരോള്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ഉറപ്പാക്കും. പരോള്‍ നിഷേധിക്കുന്ന തരത്തില്‍ ലഭിക്കുന്ന പോലീസ് റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെടും. ജയിലുകളില്‍ യോഗ നിര്‍ബന്ധമായി നടത്തണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
തടവുകാര്‍ക്ക് ഫീല്‍ എ ജയില്‍ എന്ന അവസ്ഥയുണ്ടാകേണ്ട കാര്യമില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു. ജയിലുകള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളാക്കരുത്. തടവുകാര്‍ കാഴ്ച വസ്തുക്കളല്ല. തടവുകാര്‍ക്ക് കോടതിയിലേക്ക് പോകുമ്പോള്‍ നല്‍കുന്ന എസ്‌കോര്‍ട്ട് പോലീസിന്റെ ഔദാര്യമല്ല. തടവുകാരുടെ അവകാശമാണ്. തടവുകാരുടെ സംരക്ഷണം പോലീസുകാരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിസൗമ്യയുടെ ആത്മഹത്യ ഗുരുതരമായ വീഴ്ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളില്‍ എത്തുന്ന തടവുകാരുടെ സുരക്ഷയില്‍ ജയില്‍ ജീവനക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജയിലില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ജയിലുകളും കോടതിയുമായി ബന്ധിപ്പിച്ച് വീഡിയോ സംവിധാനം സംസ്ഥാനത്താകമാനം സ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സ്ഥലങ്ങളിലെ പ്രതികളുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. ഇതിലൂടെ 2000 പോലീസുകാരുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടി ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, ചീമേനി, വിയ്യൂര്‍, തിരുവനന്തപുരം ജയിലുകളോടനുബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുമെന്നും ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
















