കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതിക്ക് മാത്രം ജാമ്യം അനുവദിച്ചു. സൂരജിന് പുറമേ കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം.ടി. തങ്കച്ചന്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം ലഭിച്ചത്. പാലാരിവട്ടം പാലം അഴിമതിയിലോ ഗൂഢാലോചനയിലോ ബെന്നി പോളിന് പങ്കില്ലെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി. അതേസമയം മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണം നടക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്നും കള്ളപ്പണ ഇടപാടില്‍ പങ്കാളിത്തം ഉണ്ടെന്നും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പാലാരിവട്ടം അഴിമതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൂരജ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവേ മാധ്യമങ്ങളോട് അറിയിച്ചിരുന്നു.
















