തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച വിശ്വാസവിരുദ്ധ നടപടികളില്‍ നിന്നു മുഖംരക്ഷിക്കാന്‍ നടപടിയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി. കണ്ണൂരിലടക്കം വിശ്വാസികള്‍ വന്‍തോതില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതോടെ അവരെ വിശ്വാസത്തിലെടുക്കാന്‍ വേദവും പുരാണങ്ങളും പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് സിപിഐ.. വേദം പുരാണം, ഇതിഹാസം എന്നിവ ലക്ഷ്യമാക്കിയുള്ള സെമിനാറാണ് സിപിഐ ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ഇ. ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി സംഘടിപ്പിക്കുകയെന്നാണു സൂചന. എന്‍.ഇ. ബലറാം ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി ഒക്‌റ്റോബര്‍ 25 മുതല്‍ മൂന്നു ദിവസം നീളുന്ന സെമിനാറിന് ‘ഭാരതീയം 2019′ എന്നാണ് പേരിട്ടിരിക്കുന്നത്. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.’ വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം എന്നിവയില്‍ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറില്‍ ക്ലാസെടുക്കുകയെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. സിപിഐ നേതാക്കളുടെ വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കൂ.
ആറു മാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദ സെമിനാര്‍ നടത്താനാണ് പരിപാടി. വേദങ്ങളെയും ഉപനിഷത്തുക്കളെയും ദുര്‍വ്യാഖ്യാനം ചെയ്യുന്നതു പ്രതിരോധിക്കുകയാണ് സെമിനാറെന്നാണു എന്‍.ഇ. ബലറാം സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ സി.എന്‍. ചന്ദ്രന്റെ ന്യായീകരണം. അതേസമയം, ഹൈന്ദവ വിശ്വാസികളെ എങ്ങനേയും പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമാണിതെന്നു കണ്ണൂരില്‍ നിന്നുള്ള ചില സിപിഐ പ്രാദേശിക നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബാലഗോകുലം കൃഷ്ണാഷ്ടമി നാളില്‍ നടത്തുന്ന ശോഭായാത്രയ്‌ക്ക് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബദല്‍ സാംസ്‌കാരിക യാത്ര നടത്തിയിരുന്നു. വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ വേദപഠനവുമായി സിപിഐ രംഗത്തുവരുന്നത്. പാര്‍ട്ടി തത്വങ്ങളില്‍ നിന്നു വ്യതിചലിച്ചു നടത്തുന്ന പരിപാടികളോടു ഇപ്പോള്‍ തന്നെ സിപിഎമ്മിനുള്ളില്‍ അതൃപ്തി ശക്തവുമാണ്.
.
















