ആലുവ: ഇരുചക്രവാഹനം ആശുപത്രിക്കു മുന്നില്‍ നിന്നും മാറ്റി വയ്‌ക്കാന്‍ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ യുവതി കൈയ്യേറ്റം ചെയ്തതായി പരാതി. സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ മാവേലിക്കര സ്വദേശി റിങ്കുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കളമശ്ശേരി സ്വദേശി ആര്യ എന്ന യുവതിക്കെതിരെ ആലുവ പോലീസ് കേസെടുത്തു. അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.
ആശുപത്രിയുടെ മുന്നില്‍ നിന്നും വാഹനം മാറ്റാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ പോയ യുവതി ആശുപത്രിയില്‍ നിന്നും തിരിച്ചുവരവെ വാഹനം മാറ്റിയിരിക്കുന്നത് കണ്ട് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം. സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു യുവതി മര്‍ദ്ദിച്ചതെന്ന് ജീവനക്കാരന്‍ പറഞ്ഞു.
















