കൊച്ചി: വനവാസി മേഖലയില്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ മതപരമായ നേട്ടത്തിനല്ല, മറിച്ച് ഹിന്ദു സമാജത്തെയും രാജ്യെത്തയും ഭിന്നിപ്പിക്കാനാണെന്ന് പാഞ്ചജന്യ എഡിറ്ററും എംപിയുമായിരുന്ന തരുണ്‍ വിജയ്. കേരളത്തിന്റെ ആദ്യ ആര്‍എസ്എസ് പ്രാന്തപ്രചാരകായിരുന്ന ഭാസ്‌കര്‍ റാവുവിന്റെ ജന്മശതാബ്ദി സമാപനത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വനത്തില്‍ താമസിക്കുന്നവരല്ല വനവാസികള്‍. അവര്‍ രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്ന ആദ്യ പോരാളികളാണ്. രാജ്യത്തിന്റെ സംസ്‌കാരവും യഥാര്‍ഥ ചരിത്രവും തനിമയോടെ നിലനിര്‍ത്തുന്നവരാണ്. അവരെ ആദിവാസികള്‍ എന്ന് വിളിച്ച് അകറ്റി നിര്‍ത്തുന്നത് ബ്രിട്ടീഷ് കാലത്തു നടപ്പാക്കിത്തുടങ്ങിയ തന്ത്രമാണ്. അതിന്നും തുടരുകയാണ്, തരുണ്‍ വിജയ് പറഞ്ഞു.
സ്വാശ്രയത്വത്തിന്റെ സമ്പൂര്‍ണമായ ജനപഥമാണ് വനവാസികള്‍ പിന്തുടരുന്നത്. ഈ സങ്കല്‍പ്പം ആധുനികകാലത്ത് പ്രാവര്‍ത്തികമാക്കാന്‍ തയാറായത് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയാണ്. വനവാസികളുടെ ധര്‍മവും സംസ്‌കാരവും മനസിലാക്കാതെ അവരുടെ വളര്‍ച്ചയ്‌ക്കെന്ന പേരില്‍ അവര്‍ക്കിടയില്‍ അധികൃതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരെ താഴ്‌ത്തുകയേ ഉള്ളൂ. അവരുടെ പുരോഗതിക്ക് അവരെ പരിഷ്‌കാരികളാക്കുന്നത് അവരുടെ സ്വത്വവും സ്വാഭിമാനവും നശിപ്പിച്ചാകരുത്. അതിന് അവരുടെ വിശ്വാസങ്ങളും സംസ്‌കാരവും സംരക്ഷിക്കണം, അദ്ദേഹം പറഞ്ഞു.
കേരളം വനവാസികളുടെ സാമ്പത്തിക-സാമൂഹ്യ പുരോഗതിക്കെന്ന പേരില്‍ ചിലത് ചെയ്യുന്നു. പക്ഷേ അവരുടെ അടിസ്ഥാനമായ കൃഷിയുടെയും അവരുടെ സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനാണ് ആദ്യം തയാറാകേണ്ടത്. വീരവനവാസികളെ സൃഷ്ടിച്ചുവെന്നതാണ് വനവാസി മേഖലയില്‍ ഭാസ്‌കര്‍ റാവു ചെയ്ത വിശിഷ്ട സംഭാവനയെന്നും അതാണ് ഇന്ത്യക്കുള്ള സന്ദേശമെന്നും തരുണ്‍ വിജയ് പറഞ്ഞു.
















