ലണ്ടന്‍: പരുക്ക് അലട്ടുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ലണ്ടനിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ. നടുവിന് താഴെയുള്ള വേദനയാണ് ഹാര്‍ദിക്കിനെ അലട്ടിയിരുന്നത്. ഇതിനുള്ള ശസ്ത്രക്രിയയാണ് വിജയകരമായ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്‌ക്കു വിധേയനായതും വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യവും ഹാര്‍ദിക് തന്നെയാണ് പുറത്തുവിട്ടത്. ആശുപത്രി കിടക്കയില്‍നിന്നുള്ള ചിത്രം സഹിതം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പില്‍ ഹാര്‍ദിക് ഇങ്ങനെയെഴുതി: ‘ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ആത്മാര്‍ഥമായ നന്ദി. ഉടന്‍ തന്നെ കളത്തിലേക്ക് തിരിച്ചത്തുന്നതാണ്. അതുവരെ എല്ലാവരും എന്നെ മിസ് ചെയ്യുമല്ലോ.’
എന്നാല്‍ അടുത്ത ആറു മാസത്തേക്ക് ഹാര്‍ദിക്കിന് വിശ്രമം അനിവാര്യമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കു വേണ്ടി കളിക്കേണ്ട പ്രധാന താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക. പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രീത് ബുമ്രയും ടെസ്റ്റ് ടീമില്‍നിന്ന് പിന്‍മാറിയിരുന്നു. ബുമ്രയും വിദഗ്ധ ചികിത്സയ്‌ക്കായി ഈ ദിവസങ്ങളില്‍ ലണ്ടനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിലാണ് ഹാര്‍ദിക് പാണ്ഡ്യ അവസാനമായി കളിച്ചത്. 11 ടെസ്റ്റുകളും 54 ഏകദിനങ്ങളും 40 ട്വന്റി ട്വന്റിയും കളിച്ച 25 കാരന്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. അതേസമയം, 2018 ലെ ഇന്ത്യാ പര്യടനത്തിലും 2019 ലോകകപ്പിലും പരുക്കിനു ചികിത്സിച്ച അതേ ഡോക്ടര്‍ തന്നെ ലണ്ടനില്‍ ഹാര്‍ദിക്കിനെ പരിശോധിക്കാനായി ലണ്ടനില്‍ എത്തിയിട്ടുണ്ട്.
















