ന്യൂദല്‍ഹി : ഇനിമുതല്‍ പ്രതിമാസം 50,000 രൂപ ശമ്പളമുള്ള വനിതകള്‍ക്കും ഇഎസ്‌ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) ആനുകൂല്യം ലഭ്യമാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന് ഇഎസ്‌ഐ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം എടുത്തിരിക്കുന്നത്. ഇഎസ്‌ഐയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഈ നടപടി.
പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെയും ഇഎസ്‌ഐ ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. നിലവില്‍ 21,000 രൂപയാണ് പുരുഷന്മാരുടെ ശമ്പള പരിധി. നിലവില്‍ 16 ശതമാനം സ്ത്രീ പങ്കാളിത്തമാണ് ഇഎസ്‌ഐയില്‍ ഉള്ളത്.
ഇഎസ്‌ഐയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ അംഗവൈകല്യ, മരണാന്തര ആനുകൂല്യങ്ങള്‍ 25 ശതമാനം വര്‍ധിപ്പിക്കാനും ഇഎസ്‌ഐ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇഎസ്‌ഐ മെഡിക്കല്‍ കോളജുകളില്‍ അധികമായി 450 സീറ്റുകളും വര്‍ധിപ്പിക്കും.
ക്ലെയിം നടപടികളില്‍ മാറ്റമില്ലെന്നും ഇഎസ്‌ഐ ബോര്‍ഡ് അറിയിച്ചു. തിരക്കു കുറഞ്ഞ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ ചെറിയ ഫീസ് വാങ്ങി മറ്റുള്ളവര്‍ക്കും ചികിത്സ സൗകര്യം ഒരുക്കുക്കാനും നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇഎസ്‌ഐ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സമിതിയെ നിയോഗിക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
















