ന്യൂദല്‍ഹി : നിയമ വിരുദ്ധമായി 51 കോടി കൈയ്യടിക്കിയെന്ന് ആരോപിച്ച് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. വിദേശ വിനിമയ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി യുകെയില്‍ നിന്നുള്ള കയറ്റുമതി സേവനങ്ങളുടെ മറവില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ 51.72 കോടി രൂപ നേടിയിരുന്നു.
ഇതുസംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമത്തിന്റെ പരിധിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
നിയമ വിരുദ്ധ വിദേശ ഇടപാടുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് ആംനെസ്റ്റിയുടെ ബംഗളൂരുവിലെ ഇന്ദിരാ നഗറിലെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്.
















